അർഹരായ മുഴുവൻ ഭൂരഹിതർക്കും സമയബന്ധിതമായി പട്ടയം നൽകുന്നതിനുള്ള നടപടികൾ നടപ്പാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രത്യേക ദൗത്യമായ പട്ടയ മിഷന്റെ സംസ്ഥാന തല ഉദ്ഘാടനവും ജില്ലയിലെ മുഴുവൻ റവന്യൂ ഓഫീസുകളിലും ഇ‑ഓഫീസ് നടപ്പിലാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇന്നു രാവിലെ 10ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ റവന്യു മന്ത്രി കെ രാജൻ നിർവഹിക്കും.
ജില്ലയിൽ അർഹരായവർക്കുള്ള 256 പട്ടയങ്ങളും മന്ത്രി വിതരണം ചെയ്യും. സഹകരണ രജിസ്ട്രേഷൻ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ ജയരാജ് വിശിഷ്ടാതിഥി ആയിരിക്കും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പ്രസംഗിക്കും.
അർഹരായ മുഴുവൻ കുടുംബങ്ങൾക്കും ഭൂമിയും ഭൂരേഖയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പട്ടയ മിഷന്റെ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. പട്ടിക വർഗവിഭാഗത്തിൽപ്പെട്ടവർ, മലയോര കർഷകർ, പട്ടികജാതി, മത്സ്യത്തൊഴിലാളി കോളനികളിൽ താമസിക്കുന്നവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ അടിയന്തര പ്രാധാന്യത്തോടെ പട്ടയം നൽകുന്നത്. സംസ്ഥാന, ജില്ലാ, താലൂക്ക്, വില്ലേജ് തലങ്ങളിൽ ഇതിനായി ദൗത്യ സംഘങ്ങളെ നിയോഗിച്ചായിരിക്കും പട്ടയം മിഷന്റെ പ്രവർത്തനം.
English Summary;Inauguration of Pattaya Mission today in Kottayam
You may also like this video