Site icon Janayugom Online

കോയമ്പത്തൂരില്‍ മലയാളികളെ അക്രമിച്ച സംഭവം; സൈനികന്‍ അടക്കം നാല് പേര്‍ അറസ്റ്റില്‍

സേലം — കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാരെ മുഖം മൂടി ധരിച്ച് ആക്രമിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാര്‍ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റില്‍ സൈനികനാണ്. പാലക്കാട് നിന്നാണ് ഇവര്‍ പിടിയിലായത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. അതേസമയം മറ്റു പ്രതികള്‍ ഒളിവിലാണ്.

വെള്ളിയാഴ്ച പുലര്‍ച്ച കോയമ്പത്തൂര്‍ മധുക്കര സ്റ്റേഷന്‍ പരിധിയിലെ എല്‍ആന്‍ടി ബൈപ്പാസിലായിരുന്നു ആക്രമണമുണ്ടായത്. എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരുമാണ് ആക്രമണത്തിനിരയായത്. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘമാണ് കാര്‍ അടിച്ചുതകര്‍ത്തത്.

കുഴല്‍പ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. കെഎല്‍47ഡി6036, കെഎല്‍42എസ്3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേരള അതിര്‍ത്തിക്ക് തൊട്ടുമുന്‍പ് വെട്ടിച്ച് കടന്ന അക്രമി സംഘത്തിന്റെ കാര്‍ മലയാളികള്‍ സഞ്ചരിച്ച വാഹനത്തിന് വട്ടമിട്ട് തടഞ്ഞു നിര്‍ത്തി മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും പുറത്തിറങ്ങിയ അക്രമി സംഘം ആക്രമണം അഴിച്ചുവിട്ടത്.

Eng­lish Summary:Incident of attack on Malay­alees in Coim­bat­ore; Four peo­ple includ­ing the sol­dier were arrested
You may also like this video

Exit mobile version