Site iconSite icon Janayugom Online

തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവം: അഞ്ച് ബിജെപിക്കാര്‍ അറസ്റ്റില്‍

മഹാത്മാഗാന്ധിയുടെ പ്രപൗത്രനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിയെ തടഞ്ഞ സംഭവത്തില്‍ നഗരസഭ കൗണ്‍സിലര്‍ ഉള്‍പ്പെടെ അഞ്ച് ബിജെപിക്കാര്‍ അറസ്റ്റില്‍. നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷ്, ബിജെപി പ്രവര്‍ത്തകരായ ജി ജെ കൃഷ്ണകുമാര്‍, അനൂപ്, നിലമേല്‍ ഹരി, സൂരജ് എന്നിവരെയാണ് നെയ്യാറ്റിന്‍കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിയന്‍ പി ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴായിരുന്നു തുഷാര്‍ ഗാന്ധിക്ക് നേരെ അതിക്രമം ഉണ്ടായത്. ആർഎസ്എസിനെതിരെയുള്ള പ്രസ്താവന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംഘം തുഷാര്‍ ഗാന്ധിയെ വഴിതടഞ്ഞ് മുദ്രാവാക്യം വിളിച്ചത്. പൊലീസ് ഇടപെട്ട് പ്രവർത്തകരെ നീക്കുകയായിരുന്നു. അരമണിക്കൂറോളം തുഷാർ ​ഗാന്ധിയുടെ വാഹനം തടഞ്ഞുനിർത്തി.

രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന കാൻസർ ആണ് സംഘ്പരിവാര്‍ സംഘടനകൾ എന്നായിരുന്നു തുഷാർ ​ഗാന്ധിയുടെ പരാമര്‍ശം. ഇത് പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആർഎസ്എസ് — ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടത്. എന്നാൽ നിലപാടിൽ മാറ്റമില്ലെന്നും പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായും തുഷാർ ​ഗാന്ധി പറഞ്ഞു.

Exit mobile version