പശുക്കടത്ത് ആരോപിച്ച് യുവാക്കളെ തട്ടിക്കൊണ്ടുപോയി ചുട്ടുകൊന്ന കേസില്‍ നിര്‍ണായക കണ്ടെത്തല്‍. കൊല്ലപ്പെട്ട ജുനൈദിനെയും നാസിറിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച വെള്ള സ്കോര്‍പിയോ ഹരിയാന സര്‍ക്കാരിന്റേതാണെന്നാണ് രാജസ്ഥാന്‍ പൊലീസിന്റെ കണ്ടെത്തല്‍. ഓൺലൈൻ ഉടമസ്ഥാവകാശ വെബ്‌സൈറ്റുകളിലും ഈ കാർ ഹരിയാന സർക്കാരിന്റേതാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി ഭരത്പൂര്‍ പൊലീസ് പറയുന്നു.
എച്ച്ആര്‍ 70 ഡി 4177 സ്കോര്‍പിയോ കാറാണ് തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ചത്. തുടര്‍ന്ന് ഇവരെ മര്‍ദിച്ച് അവശരാക്കിയ ഗോ സംരക്ഷകര്‍ യുവാക്കളുടെ ഉടമസ്ഥതയിലുള്ള കാറിലിട്ട് ചുട്ടെരിക്കുകയായിരുന്നു. കേസില്‍ പ്രതിയായ വികാന്‍ എന്നയാളെ കണ്ടെത്തുന്നതിന് 22ന് രാജസ്ഥാന്‍ പൊലീസ് ഹരിയാനയിലെ ജിന്ദില്‍ എത്തിയിരുന്നു.
പ്രതിയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് അംഗവൈകല്യമുള്ള പശുക്കളെ പാര്‍പ്പിച്ചിരുന്ന കൈതാൽ റോഡിലെ ഗോസേവാധാം വികലാംഗ് ഗോശാലയിൽ എത്തുകയായിരുന്നു. ഇവിടെ നിന്നാണ് ഈ സ്കോര്‍പിയോ പൊലീസ് കണ്ടെടുത്തത്. കാറിന്റെ സീറ്റിൽ രക്തക്കറ കണ്ടെത്തിയതായും രാജസ്ഥാൻ പൊലീസ് അറിയിച്ചു. ബജ്‌രംഗ്‌ദള്‍ നേതാവും ഹരിയാന സര്‍ക്കാര്‍ ഗോ സംരക്ഷണ ദൗത്യ സംഘത്തിലെ അംഗവുമായ മോനു മനേസറിനും കൊലപാതകത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ട്. സമൂഹമാധ്യമത്തില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്സാണ് മോനുവിനുള്ളത്. യൂട്യൂബില്‍ നിരവധി അക്രമാസക്തമായ വീഡിയോകളാണ് മോനു പങ്കുവച്ചിട്ടുള്ളത്.
തട്ടിക്കൊണ്ടുപോകൽ, ആക്രമണം, തോക്കുകൊണ്ടുള്ള മർദനം, മുസ്ലീം പുരുഷന്മാർക്കെതിരെയുള്ള പീഡനം എന്നിവ ചിത്രീകരിക്കുന്ന ഹിന്ദുത്വ പോപ്പ് സംഗീതം കലർന്ന നാല് വീഡിയോകള്‍ മോനുവും സംഘവും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗോ സംരക്ഷ് ദള്‍ മേവത്ത് റോഡ് ഹരിയാന എന്ന തലക്കെട്ടോടുകൂടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ കാറില്‍ സഞ്ചരിക്കുന്ന ഒരു സംഘം ആളുകള്‍ തോക്കുചൂണ്ടി പെണ്‍കുട്ടികളെയും കുട്ടികളെയും ഭീഷണിപ്പെടുത്തുന്നത് കാണാം. സ്കോര്‍പിയോ കാറിനൊപ്പം മോനു മനേസറടക്കമുള്ള ഗോസംരക്ഷകര്‍ നില്‍ക്കുന്ന നിരവധി ചിത്രങ്ങളും സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ആയുധങ്ങളുടെയും പരിക്കേറ്റ ഇരകളുടെയും ദൃശ്യങ്ങളാണ് ഈ അക്കൗണ്ടുകളില്‍ കൂടുതലും.
English Summary;incident of burning Muslim youths; The hijacked vehicle belongs to Haryana Police
You may also like this video