Site iconSite icon Janayugom Online

യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ച സംഭവം; വിമർശനവുമായി മന്ത്രി പി രാജീവ്

യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണെന്നും എന്തിനാണ് നിഷേധിച്ചത് എന്നറിയില്ലെന്നും വിമർശനവുമായി മന്ത്രി പി രാജീവ്. ലബനനിൽ യാക്കോബായ സഭ അധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിനുശേഷം യുഎസിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു പി രാജീവ്. എന്നാൽ കേന്ദ്രം യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. യാത്രാനുമതി ലഭിക്കാതായതോടെ കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടതെന്ന് രാജീവ് പറഞ്ഞു. 

പബ്ലിക്ക് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം രാജ്യത്തിന് കിട്ടുന്നതുതന്നെ ആദ്യമാണ്. സർക്കാർ സംരംഭത്തിന് ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാനായില്ല. പ്രബന്ധം ഓൺലൈനായി അവതരിപ്പിക്കാം. അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിനാണ് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു മന്ത്രിക്ക് ക്ഷണം ലഭിച്ചത്. 

Exit mobile version