Site icon Janayugom Online

കുട്ടികളെ ദുരുപയോഗം ചെയ്ത സംഭവം; മാര്‍പാപ്പയുടെ മാപ്പപേക്ഷ പോരെന്ന് കാന‍ഡ

തദ്ദേശീയരായ കുട്ടികളെ കത്തോലിക്ക സഭയുടെ റസിഡൻഷ്യൽ സ്കൂളുകളിൽ നിർബന്ധിച്ച് ചേർത്ത് ദുരുപയോഗം ചെയ്ത സംഭവങ്ങളിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാപ്പപേക്ഷ പോരെന്ന് കാനഡ സര്‍ക്കാര്‍. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മാര്‍പാപ്പ ക്യുബെക് നഗത്തിലെത്തിയതിന് പിന്നാലെയാണ് കാനഡ സര്‍ക്കാരിന്റെ ഔദ്യോഗിക പ്രതികരണം.

സ്കൂളുകളില്‍ വച്ച് ലൈംഗികാതിക്രമണത്തിന് ഇരകളായവരെക്കുറിച്ചോ സംഭവത്തില്‍ കത്തോലിക്ക സഭയ്ക്ക് എന്തെങ്കിലും ഉത്തരവാദിത്വമുണ്ടോ എന്നതിനെക്കുറിച്ചും മാര്‍പാപ്പ സംസാരിച്ചിരുന്നില്ല. ഇതാണ് കനേഡിയന്‍ സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്.

85കാരനായ മാർപ്പാപ്പ ഈ വർഷം ആദ്യം വത്തിക്കാനിൽ തന്നെ സന്ദർശിച്ച കനേഡിയൻ തദ്ദേശീയ പ്രതിനിധികളോട് പര്യടനം വാഗ്ദാനം ചെയ്തിരുന്നു, കാനഡയിലെത്തിയ മാര്‍പാപ്പ ആദ്യം തന്നെ ക്ഷമാപണം നടത്തുകയായിരുന്നു.

1881 ‑1996 കാലഘട്ടത്തില്‍ ഒന്നരലക്ഷത്തിലധികം തദ്ദേശീയരായ കുട്ടികളെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി റെസിഡൻഷ്യൽ സ്കൂളുകളിലേക്ക് കൊണ്ടുവന്നു. ഇവിടെവച്ചാണ് കുട്ടികളെ ഉപദ്രവിക്കുകയും ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും ചെയ്തത്. അടുത്തിടെ ബ്രിട്ടീഷ് കൊളംബിയയിലെ ഒരു മുൻ റസിഡൻഷ്യൽ സ്കൂളില്‍നിന്ന് 215 കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

സാമ്പത്തിക നഷ്ടപരിഹാരം, മിഷനറിമാർ വത്തിക്കാനിലേക്ക് അയച്ച പുരാവസ്തുക്കൾ തിരികെ നൽകൽ, കുട്ടികളെ പീഡിപ്പിക്കുകയും ദുരുപയോഗം ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള പിന്തുണ, സ്കൂളുകൾ നടത്തിയ മതപരമായ ഉത്തരവുകളുടെ രേഖകൾ പുറത്തുവിടുക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.

Eng­lish summary;Incident of child abuse; Cana­da says the Pope’s apol­o­gy is not enough

You may also like this video;

Exit mobile version