Site iconSite icon Janayugom Online

പുഷ്പ 2 സ്ക്രീനിങ്ങിനിടെ യുവതി മരിച്ച സംഭവം; തിയറ്ററിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി പൊലീസ്

പുഷ്പ 2ന്റെ സ്ക്രീനിങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ തിയറ്ററിന്റെ ലൈസൻസ് റദ്ദാക്കാൻ ഒരുങ്ങി പൊലീസ്. സംഭവം നടന്ന സന്ധ്യ തിയറ്റർ അധികൃതർക്ക് ഹൈദരാബാദ് പൊലീസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പത്ത് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കും. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്നാണ് ഹൈദരാബാദ് പൊലീസിന്റെ വാദം.

സംഭവത്തിൽ നേരത്തെ തിയറ്റർ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സന്ധ്യ തിയറ്റർ ഉടമ സന്ദീപ്, സീനിയർ മാനേജർ നാഗരാജു, മാനേജർ വിജയ് ചന്ദ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സിനിമയുടെ നായകൻ അല്ലു അർജുനെയും ‍അറസ്റ്റ് ചെയ്തിരുന്നു.

ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീണിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ മക്കളും അപകടത്തിൽപ്പെട്ടു. രേവതിയുടെ മകന് ഇന്ന് മസ്തിഷ്ക മരണം സംഭിച്ചു. 

രാത്രി 11 ന് സിനിമയുടെ റിലീസിന്റെ ഭാഗമായി ആരാധകരുടെ വലിയ കൂട്ടം തിയറ്ററിനു മുന്നിൽ തടിച്ചുകൂടിയിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി സിനമയിലെ നായകനായ അല്ലു അർജുനും കുടുംബവും സംവിധായകൻ സുകുമാറും തിയറ്ററിലെത്തിയതോടെ ആരാധകര്‍ തിക്കും തിരക്കുമാക്കി. ആളുകൾ തിയേറ്ററിലേക്ക് ഇടിച്ചു കയറാൻ ശ്രമിച്ചത് പൊലീസിന് നിയന്ത്രിക്കാൻ കഴിയാതെ വന്നു. ഇതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് പൊലീസും ജനങ്ങളും തമ്മിലുണ്ടായ സംഘർഷമുണ്ടാകുകയും അപകടത്തിൽ കലാശിക്കുകയുമായിരുന്നു.

Exit mobile version