Site iconSite icon Janayugom Online

കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തൽ

കോഴിക്കോട് വടകരയിൽ കാരവാനിൽ യുവാക്കൾ മരിച്ച സംഭവത്തിൽ മരണ കാരണം കാർബൺ മോണോക്സൈഡെന്ന് കണ്ടെത്തി. വിഷ വാതകം വന്നത് ജനറേറ്ററില്‍ നിന്നെന്നും കണ്ടെത്തി. പ്ലാറ്റ്ഫോമിലെ ദ്വാരം വഴിയാണ് കാരവാനിനകത്ത് വിഷവാതകം എത്തിയത്. രണ്ട് മണിക്കൂറിനകം 957 പി പി എം അളവ് കാർബൺ മോണോക്സൈഡാണ് പടർന്നത്. എൻഐടി സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കണ്ടെത്തൽ.

അതേസമയം കാരവാനിലുള്ളിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മരണം വിഷ വാതകം ശ്വസിച്ചു തന്നെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നിരുന്നു. വിഷ വാതകമായ കാർബൺ മോണോക്സൈഡ് ശ്വസിച്ചാണ് ഇരുവരുടെയും മരണം എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ജനറേറ്റര്‍ വാഹനത്തിനു പുറത്തുവെയ്ക്കാതെ പ്രവര്‍ത്തിപ്പിച്ചതാണ് അപകടത്തിന് ഇടയാക്കിയത് എന്നായിരുന്നു പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.

മരണപ്പെട്ട രണ്ടു പേരുടെയും ശരീരത്തിൽ അപകടകരമായ അളവിൽ കാർബൺ മോണോക്സൈഡ് ഉണ്ടായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. ഇത് എസി പ്രവർത്തിപ്പിച്ച ജനറേറ്ററിൻ്റെ പുകയില്‍ നിന്നായിരിക്കാമെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ, വാഹനത്തിൽ ഗ്യാസ് ലീക്കുണ്ടായതെങ്ങനെയെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് പട്ടാമ്പി സ്വദേശികളായ മനോജ്, ജോയൽ എന്നിവരെ വടകര കരിമ്പന പാലത്ത് നിർത്തിയിട്ട കാരവാനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Exit mobile version