Site iconSite icon Janayugom Online

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവം; രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി മാതാവ്

യുവാവിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ആരോപണവുമായി മാതാവ് . 2015 നവംബർ 6 മുതൽ കാണാതായ കുമാരപുരം കൂട്ടംകൈത സ്വദേശി രാകേഷിന്റെ മാതാവ് രമയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകന്റെ തിരോധാനവുമായി ബന്ധപ്പെട്ട പ്രതികളെ ചെന്നിത്തല സംരക്ഷിക്കുകയാണെന്നും ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് നിരതവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലിന് വേണ്ടി വിളിപ്പിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് രമേശ് ചെന്നിത്തല സ്വീകരിച്ചതെന്നും രമ ആരോപിച്ചു. പൊലീസ് ചോദ്യം ചെയ്യലിന് ശേഷം ആരോപണ വിധേയരായവർ പുറത്തിറങ്ങി ‘രമേശ് ചെന്നിത്തല ഉള്ളടത്തോളം കാലം ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയുകയില്ലെന്നും‘പറഞ്ഞതായി രമ പറഞ്ഞു .മറ്റൊരു കേസിൽ പിടിക്കപ്പെട്ട ജയിലിലായ പ്രതി സഹ തടവുകാരനോട് രാകേഷിനെ കൊലപ്പെടുത്തിയ രീതികളും കാര്യങ്ങളും വിവരിച്ചതായും ഇതിന്റെ വീഡിയോ അടക്കം ഫോണിൽ സൂക്ഷിച്ചിട്ടുണ്ട് എന്നും പറഞ്ഞതായി മാതാവ് വെളിപ്പെടുത്തി. 

വീടിന് സമീപത്തെ റോഡിൽ നിന്നും രാകേഷിന്റെ രക്തവും മുടിയും കണ്ടെത്തിയിട്ടും പോലീസ് ആദ്യഘട്ടത്തിൽ അന്വേഷണം അട്ടിമറിച്ചെന്നും മിസിങ്ങിന് കേസെടുക്കുക മാത്രമാണ് ഉണ്ടായതെന്നും രമ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഹരിപ്പാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയിൽ തന്റെ മകനോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും ഇതിന് പിന്നിൽ കുമാരപുരം സ്വദേശികളായ ഏഴു പേർ പ്രതികളാണെന്നും ഹർജിയിൽ പറയുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെന്ന സംശയിക്കുന്ന കുമാരപുരം കായൽവാരത്തെ കിഷോറിന്റെ വീട്ടിൽ നിന്നും അമേരിക്കൻ നിർമ്മിത തോക്കും വെടിയുണ്ടകളും മാരകായുധങ്ങളും കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കിഷോർ ഒളിവിലാണ്.

Exit mobile version