Site iconSite icon Janayugom Online

ആശുപത്രിയില്‍ നവജാത ശിശുക്കള്‍ തണുത്തു മരിച്ച സംഭവം; ഡോക്ടര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശില്‍ രണ്ട് നവജാത ശിശുക്കള്‍ തണുത്തു മരിച്ച സംഭവത്തില്‍ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ സ്വകാര്യ ക്ലിനിക്കിലാണ് ദാരുണമായ സംഭവം നടന്നത്. കുഞ്ഞുങ്ങള്‍ കിടന്നിരുന്ന ഫോട്ടോതെറാപ്പി മുറിയില്‍ രാത്രി മുഴുവന്‍ എസി പ്രവര്‍ത്തിപ്പിച്ചതിനെതുടര്‍ന്ന് തണുപ്പ് താങ്ങാനാകാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ക്ലിനിക്കിന്‍റെ ഉടമയും ഡോക്ടറുമായ നിതുവിനെതിരെ കൈരാന പൊലീസ് കേസെടുത്തു. സംഭവത്തെതുടര്‍ന്ന് കുടുംബാംഗങ്ങള്‍ ക്ലിനിക്കിന് മുന്നില്‍ പ്രതിഷേധിച്ചു.

ശനിയാഴ്ചയാണ് കൈരാനിയിലെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ രണ്ടു കുഞ്ഞുങ്ങളും ജനിച്ചത്. പിന്നീട് വൈകിട്ടോടെ കുഞ്ഞുങ്ങളെ കൈരാനയിലെ സ്വകാര്യ ക്ലിനിക്കിലേക്ക് മാറ്റുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം ചികിത്സക്കായി ക്ലിനിക്കിലെ ഫോട്ടോതെറാപ്പി യൂണിറ്റിലേക്കും മാറ്റുകയും ചെയ്തു. ഫോട്ടോ തെറാപ്പി യൂണിറ്റുള്ള മുറിയില്‍ രാത്രിയില്‍ ഉറങ്ങുന്നതിനിടെ ഡോക്ടര്‍ എയര്‍ കണ്ടീഷന്‍ ഓണ്‍ ചെയ്തത്. എന്നാല്‍ രാവിലെ വരെ എസി ഓഫ് ചെയ്തിരുന്നില്ലെന്നുമാണ് കുടുംബാംഗങ്ങളുടെ പരാതി. രാവിലെ യൂണിറ്റിലെത്തി കുഞ്ഞുങ്ങളെ നോക്കുമ്പോഴാണ് അമിതമായി തണുപ്പടിച്ച് മരിച്ച നിലയില്‍ കുഞ്ഞുങ്ങളെ കണ്ടതെന്ന് കുടുംബാംഗങ്ങള്‍ പരാതിയില്‍ പറഞ്ഞു.

രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബാംഗങ്ങളുടെ പരാതിയിലാണ് കേസെടുത്തത്. കൊലപാതകത്തിന് തുല്യമല്ലാത്ത മനപ്പൂര്‍വമായ നരഹത്യക്കാണ് ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് കൈരാന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ നേത്രപാല്‍ സിങ് പറഞ്ഞു. സംഭവത്തില്‍ ഉത്തര്‍പ്രദേശ് ആരോഗ്യവകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 

Eng­lish Summary:Incident of new­born babies dying of cold in the hos­pi­tal; The doc­tor was arrested
You may also like this video

Exit mobile version