ഉത്തർപ്രദേശിൽ നവജാതശിശുക്കള്‍ മരിച്ച സംഭവത്തിൽ ആദിത്യനാഥ് സർക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷ വിമർശനം. ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് കമ്മീഷൻ കുറ്റപ്പെടുത്തി. അതേസമയം ആശുപത്രി സന്ദര്‍ശിച്ച ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിഐപി ഒരുക്കങ്ങള്‍ നടത്തിയതും വന്‍ വിവാദത്തിനിടയാക്കിയിട്ടുണ്ട്.
ത്സാന്‍സി ഗവൺമെൻറ് മെഡിക്കൽ കോളജിൽ ഉണ്ടായ തീപിടുത്തത്തിൽ നവജാത ശിശുക്കൾ മരിച്ച സംഭവത്തിലാണ് രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ ആദിത്യനാഥ് സർക്കാരിന് കത്തയച്ചത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്ത് നടപടിയെടുത്തുമെന്ന് കമ്മീഷൻ ചോദിക്കുകയും ചെയ്തു. ചികിത്സയിലുള്ളവരുടെ സ്ഥിതി, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും സംസ്ഥാന സർക്കാരിനും പൊലീസിനും കമ്മീഷൻ കർശന നിർദേശം നൽകിയിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ റോഡ് വൃത്തിയാക്കലും കുമ്മായം തളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. കുട്ടികൾ വെന്ത് മരിക്കുമ്പോൾ സർക്കാർ മുഖം മിനിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ആശുപത്രിയിലെ അഗ്നിശമന ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയതെന്നും പറയുന്നു. സംഭവം നടന്ന മണിക്കൂറുകൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രി സന്ദർശിക്കാത്തതിലും പ്രതിഷേധം ഉയർന്നിരുന്നു.