Site icon Janayugom Online

പുതുവര്‍ഷത്തിലും സൂപ്പര്‍ കപ്പിലും ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം

കലിംഗ സൂപ്പര്‍ കപ്പില്‍ കേരളാ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ഐലീഗ് ക്ലബ്ബ് ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് തകര്‍ത്തത്. ക്വാമി പെപ്രയുടെ ഇരട്ട ഗോളാണ് ബ്ലാസ്റ്റേഴ്‌സ് വിജയത്തില്‍ നിര്‍ണായകമായത്. മുഹമ്മദ് അയ്മനാണ് മറ്റൊരു സ്കോറര്‍. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ബ്ലാസ്റ്റേഴ്സ് ഒന്നാമതെത്തി. പ്രമുഖ താരങ്ങളെയൊക്കെ അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. അതുകൊണ്ട് തന്നെ കളത്തിൽ ബ്ലാസ്റ്റേഴ്സിനു തന്നെയായിരുന്നു ആധിപത്യം. 15-ാം മിനിറ്റിൽ ഡയമന്റക്കോസ് നൽകിയ ഒരു ത്രൂ ബോളിൽ നിന്ന് പെപ്ര ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചു. 27-ാം മിനിറ്റില്‍ രണ്ടാമതും വലകുലുക്കി. 

പ്രബീര്‍ദാസ് നല്‍കിയ ക്രോസ് ലക്ഷ്യത്തിലെത്തിച്ചാണ് ഗോള്‍നേട്ടം രണ്ടാക്കി ഉയര്‍ത്തിയത്. ആദ്യ അര മണിക്കൂറിനകം രണ്ട് ഗോള്‍ വഴങ്ങിയതോടെ ഷില്ലോങ് ലജോങ് ആക്രമണത്തിന് മൂര്‍ച്ചകൂട്ടി. ഒടുവില്‍ പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് ക്ലബ്ബ് ഗോള്‍ മടക്കി. ലജോങ് സ്ട്രൈക്കര്‍ കരീമിനെ ബ്ലാസ്‌റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷ് ടാക്കിള്‍ ചെയ്തതിന് ഷില്ലോങ്ങിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ഷില്ലോങ് നായകന്‍ റെനാന്‍ പൗളീഞ്ഞോ എടുത്ത കിക്ക് പിഴച്ചില്ല. സച്ചിനെ മറികടന്ന് വലയിലേക്ക്. ഇതോടെ സ്കോര്‍ 2–1 എന്ന നിലയിലായി.

46-ാം മിനിറ്റിൽ ഡൈസുകെ സകായുടെ ക്രോസിൽ നിന്ന് ഐമൻ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിലെ ആദ്യ ഗോൾ കണ്ടെത്തി. തുടർന്നും പൊസിഷൻ ഫു­ട്ബോളുമായി നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്സ് ഷില്ലോങ് ലജോങ്ങിനെ വെള്ളം കുടിപ്പിച്ചു. ഷില്ലോങ് ലജോങ് ഗോള്‍കീപ്പറുടെ മികച്ച പ്രകടനമാണ് കൂടുതല്‍ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് ടീമിനെ രക്ഷിച്ചത്. 15ന് ജംഷഡ്പൂര്‍ എഫ്‌സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 

Eng­lish Sum­ma­ry; Includ­ing vic­to­ry for the Blasters in the New Year and the Super Cup
You may also like this video

Exit mobile version