Site iconSite icon Janayugom Online

വിജയത്തുടക്കം; പൊരിഞ്ഞ പോരിൽ ഗോവ വീണു (4–3)

കരുത്തർ തമ്മിൽ കൊമ്പ് കോർത്തപ്പോൾ പിറന്നത് ഏഴു ഗോളുകൾ. ഒപ്പത്തിനൊപ്പം പൊരുതിയ ഗോവയെ മറികടന്ന കേരളത്തിന് ലഭിച്ചത് സന്തോഷ് ട്രോഫിയില്‍ നിർണായക ജയം. അജ്സൽ, മുഹമ്മദ് റിയാസ്, നസീബ്, ക്രിസ്റ്റി ഡേവിസ് എന്നിവരുടെ മുന്നേറ്റങ്ങൾ ഗോവൻ പ്രതിരോധത്തെ പിച്ചി ചീന്തിയപ്പോൾ കേരളം തുടർച്ചയായി വല ചലിപ്പിച്ചു. 

ആദ്യ ലീഡ് നേടി കളി വരുതിയിലാക്കാൻ ഗോവൻ നിര നടത്തിയ നീക്കത്തിന്റെ മുനയൊടിച്ച് 4–1 കേരളം മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ ഗോവ ശക്തമായി തിരിച്ചടിച്ചതോടെ രണ്ട് ഗോളുകൾ കൂടി കേരളത്തിന്റെ വലയിലെത്തി. പക്ഷേ തോൽവി ഒഴിവാക്കാനുള്ള ഗോവൻ ശ്രമങ്ങൾ ഫലം കണ്ടില്ല. ഈ വിജയത്തോടെ ക്വാർട്ടറിലേക്കുള്ള വഴിയിൽ കേരളത്തിന് പ്രതീക്ഷ വർധിച്ചു. 

ഡെക്കാൻ അരീനയിൽ ഇന്നലെ രാവിലെ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടിൽ തന്നെ ഗോൾ വഴങ്ങി ഞെട്ടിച്ചെങ്കിലും 33 മിനിറ്റിനുള്ളിൽ 3–1ന് മുന്നിലെത്തിയിരുന്ന കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ വാങ്ങുകയും ഒന്നുകൂടി തിരിച്ചുകൊടുക്കുകയുമായിരുന്നു. കഴിഞ്ഞ സീസണിലെ പ്രാഥമിക റൗണ്ടിൽ തങ്ങളെ തോൽപ്പിച്ചതിന് ഗോവയോട് പകരം വീട്ടിയ കേരളം ഗ്രൂപ്പ് ബിയിലെ ആദ്യ വിജയത്തോടെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു.
മുഹമ്മദ് റിയാസ്, മുഹമ്മദ് അജ്സൽ, നസീബ് റഹ്‌മാൻ, ക്രിസ്റ്റി ഡേവിസ് എന്നിവരാണ് കേരളത്തിന് വേണ്ടി ലക്ഷ്യം കണ്ടത്. രണ്ടാം മിനിറ്റിൽ നിഗേൽ ഫെർണാണ്ടസിലൂടെ ഗോവയാണ് ആദ്യം അക്കൗണ്ട് തുറന്നത്. 16-ാം മിനിട്ടിൽ മുഹമ്മദ് റിയാസ് കേരളത്തിന്റെ ആദ്യ ഗോൾ നേടി സമനിലയിലാക്കി. 27-ാം മിനിറ്റിൽ മുഹമ്മദ് അജ്സലിന്റെ ഗോളിലൂടെ കേരളം മുന്നിൽ. 33-ാം മിനിറ്റിൽ നസീബ് റഹ്മാനാണ് കേരളത്തിന്റെ മൂന്നാം ഗോൾ നേടിയത്. 69-ാം മിനിട്ടിൽ ക്രിസ്റ്റി ഡേവിസ് കേരളത്തിന്റെ അവസാന ഗോളിന് അവകാശിയായി. 78-ാം മിനിറ്റിൽ ഷുബെർട്ട് യോനസ് പെരേര ഗോവയുടെ രണ്ടാം ഗോൾ നേടി.
86-ാം മിനിറ്റിൽ ഷുബെർട്ട് തന്റെ രണ്ടാം ഗോളും നേടി മത്സരം ആവേശകരമാക്കി. ആദ്യ പകുതിയിലെ മികച്ച മുന്നേറ്റങ്ങളിലൂടെ വിജയം ഉറപ്പിച്ച കേരളം രണ്ടാം പകുതിയിൽ പ്രതിരോധത്തിൽ അലസത കാട്ടിയതാണ് എട്ടുമിനിറ്റ് വ്യത്യാസത്തിൽ രണ്ട് ഗോളുകൾ തിരിച്ചുവാങ്ങാൻ കാരണമായത്. എന്നാൽ അവസാന സമയത്ത് അപകടം മനസിലാക്കി ഒരുമിച്ചുകോട്ടകെട്ടി വിജയം വിട്ടുകൊടുക്കാതെ കേരളം മത്സരം അവസാനിപ്പിച്ചു.
ചൊവ്വാഴ്ച മേഘാലയയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. തമിഴ്‌നാട്, ഡൽഹി, ഒഡിഷ എന്നിവരാണ് ഗ്രൂപ്പിലെ കേരളത്തിന്റെ മറ്റ് എതിരാളികൾ. ഗ്രൂപ്പ് പോയിന്റ് നിലയിൽ മുന്നിലെത്തുന്ന നാലുടീമുകളാണ് ക്വാർട്ടറിലേക്ക് കടക്കുക. 

Exit mobile version