സംസ്ഥാന സ്കൂൾ കായികമേളയുടെ ചരിത്രത്തിൽ ആദ്യമായി ഇടംപിടിച്ച സവിശേഷ പരിഗണന അർഹിക്കുന്നവരുടെ ഇൻക്ലൂസീവ് സ്പോർട്സിൽ തിരുവനന്തപുരത്തിന് ചരിത്രനേട്ടം. 70 പോയിന്റുകൾ നേടിയാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. 54 പോയിന്റുകളോടെ പാലക്കാട് ജില്ല രണ്ടാം സ്ഥാനവും 40 പോയിന്റുകളുമായി കോഴിക്കോട് ജില്ല മൂന്നാം സ്ഥാനവും നേടി.
പെൺകുട്ടികൾക്കുള്ള ഹാൻഡ് ബോൾ, ആൺകുട്ടികൾക്കുള്ള ഫുട്ബോൾ, മിക്സഡ് ബാഡ്മിന്റൻ, 4 x 100 മീറ്റർ മിക്സഡ് റിലേ, കാഴ്ച പരിമിതർക്കുള്ള 100 മീറ്റർ ഓട്ടം, മിക്സഡ് സ്റ്റാൻഡിങ് ബ്രോഡ് ജംപ്, മിക്സഡ് സ്റ്റാൻഡിങ് ത്രോ എന്നീ ഇനങ്ങളിലായി 14 ജില്ലകളിൽ നിന്നുള്ള 1600 ലധികം കായിക താരങ്ങളാണ് മാറ്റുരച്ചത്. ഇൻക്ലൂസീവ് സ്പോർട്സ് മാന്വലിന്റെ അടിസ്ഥാനത്തിൽ വിവിധ അത്‌ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിൽ പങ്കെടുത്ത് ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടാനായത് കുട്ടികളുടെ കഠിന പരിശ്രമത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നേട്ടമാണെന്ന് തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫിസർ ബി ശ്രീകുമാർ ജനയുഗത്തോട് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ചെറിയ തോതിൽ സബ് ജില്ലാ, ജില്ലാ തലം വരെ കഴിയുന്ന മത്സരങ്ങളിൽ സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെയും പങ്കെടുപ്പിച്ചിരുന്നു.
ഇത്തവണ സംസ്ഥാന കായിക മേളയിൽ ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തിയതോടെ ജില്ലയിൽ നിന്നും സെലക്ഷൻ കിട്ടിയ കുട്ടികളെ അതാത് സ്കൂൾ അസംബ്ലികളിൽ ആദരിച്ചിരുന്നു. ഇത് കുട്ടികൾക്ക് കൂടുതൽ ഊർജമേകിയിരുന്നു.