വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണനിക്ഷേപവുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. കൊച്ചിയിലും കോഴിക്കോട് കൊയിലാണ്ടിയിലും ചെന്നൈയിലും ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിമുതലാണ് പരിശോധന ആരംഭിച്ചത്. മുംബൈയിലും ഡൽഹിയിലും റെയ്ഡ് നടക്കുന്നുണ്ട്. കൊച്ചിയിലേയും ചെന്നൈയിലേയും ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്. രാഷ്ട്രീയ ബന്ധങ്ങൾ, റിയൽ എസ്റ്റേറ്റ്- കള്ളപ്പണ ഇടപാടുകൾ എന്നീ ഘടകങ്ങളിലാണ് ഫാരിസ് അബൂബക്കറിനെ അന്വേഷണ വിധേയമാക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ നൽകുന്ന സൂചന.
90ൽ അധികം റിയൽ എസ്റ്റേറ്റ് കമ്പനികൾ ഫാരിസിന്റേതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ കമ്പനികളുടെ പേരിൽ വിവിധയിടങ്ങളിൽ ഫാരിസ് അബൂബക്കറിന് ഭൂമി ഇടപാടുകളുണ്ട്. ഇതിൽ വിദേശത്ത് നിന്നടക്കം നിക്ഷേപമുണ്ട്. ചെന്നൈ ആസ്ഥാനമായി കാണിച്ചിരിക്കുന്ന കമ്പനികളിൽ വിവിധ ഡയറക്ടർമാരെയാണ് രേഖകളിൽ കാണിച്ചിരിക്കുന്നത്. ഇവരിൽ പലരും വിദേശത്തുനിന്നുള്ളവരാണെന്നും സൂചനയുണ്ട്.
പല കമ്പനികളുടെയും നിക്ഷേപകർ ആരാണെന്നും അവ്യക്തതയുണ്ട്. കമ്പനികളിൽ രാഷ്ട്രീയ നിക്ഷേപമുണ്ടെന്നും ആദായനികുതി വകുപ്പ് സംശയിക്കുന്നുണ്ട്. നൂറ് കണക്കിന് കോടി രൂപയുടെ കള്ളപ്പണം നിക്ഷേപമായി എത്തിയെന്നാണ് ആദായനികുതി വകുപ്പ് പ്രാഥമികമായി കണ്ടെത്തിയത്. ഇതിന്റെ ഭാഗമായാണ് റെയ്ഡ്. നിലവിൽ ഫാരിസ് അബൂബക്കർ ലണ്ടനിലാണെന്നാണ് സൂചന. അടിയന്തരമായി ഹാജരാകാൻ ഫാരിസ് അബൂബക്കറിനോട് ആദായനികുതി വകുപ്പ് നിർദേശിച്ചിട്ടുണ്ട്.
English Summary;Income tax raid on houses and offices of Faris Abubakar
You may also like this video