ഓണക്കാലത്ത് ജിസിസി രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനക്കൂലി ക്രമാതീതമായി ഉയർത്തുന്നത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറിയും മുന്‍ എംപിയുമായ ബിനോയ് വിശ്വം കേന്ദ്ര ഏവിയേഷൻ മന്ത്രി റാം മോഹൻ നായിഡുവിന് കത്തെഴുതി.
കേരളത്തിലെ ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഓണം. കേരളീയരെ സംബന്ധിച്ചിടത്തോളം, ഓണാഘോഷം അവരുടെ സാംസ്കാരിക സ്വത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. പ്രവാസികൾക്ക് കുടുംബത്തോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒപ്പം ഒത്തുചേരാനുള്ള അവസരമാണ് ഓണാഘോഷം. എല്ലാ വർഷവും ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒട്ടനവധി പ്രവാസികൾ സന്തോഷം പങ്കിടാനും കുറച്ചു ദിവസമെങ്കിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കൊപ്പം ചിലവിടാനും ഓണത്തിന് കേരളത്തിലെത്തുന്നു. ഓണക്കാലത്ത് എല്ലാ എയർലൈൻ കമ്പനികളും അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങുന്ന ആളുകളുടെ പോക്കറ്റ് കൊള്ളയടിച്ചുകൊണ്ട് ടിക്കറ്റ് നിരക്ക് വർധിപ്പിക്കും. കേരള നഗരങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ശരാശരി വൺവേ ടിക്കറ്റ് നിരക്ക് 20, 25 ശതമാനം വർധനയോടെ, വരാനിരിക്കുന്ന ഉത്സവ സീസണിൽ വിമാന നിരക്ക് കുത്തനെ ഉയരുകയാണ്. ആഭ്യന്തര, അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്ക് നിരക്കിലെ കുതിപ്പ് ദൃശ്യമാണ്. താൻ രാജ്യസഭാംഗമായിരുന്ന കാലത്ത് ഈ വിഷയം പലതവണ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അമിതമായ ടിക്കറ്റ് നിരക്ക് കാരണം പലരും യാത്ര റദ്ദാക്കാൻ നിർബന്ധിതരാകുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ ആഘോഷത്തിന്റെ ചാരുത കെടുത്തുകയാണ്. കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിയാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കേരളീയരുടെ ഹൃദയ വേദന കേന്ദ്രസർക്കാർ മനസിലാക്കണം. ഈ വിഷയത്തിൽ സിവിൽ ഏവിയേഷൻ മന്ത്രി എന്ന നിലയിൽ ഇടപെടണമെന്നും വിമാനക്കമ്പനികളുടെ കൊള്ള അവസാനിപ്പിക്കാൻ ഉള്ള ശ്രമങ്ങൾ ചെയ്യണമെന്നും കേന്ദ്രമന്ത്രിയോട് ബിനോയ് വിശ്വം അഭ്യർത്ഥിച്ചു