Site iconSite icon Janayugom Online

റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ വര്‍ധന; ഇന്ത്യന്‍ നിലപാടില്‍ ആശങ്കയെന്ന് ഇയു

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്നുള്ള പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിലും ദ്രുതഗതിയിലുണ്ടായ വര്‍ധന ആശങ്കപ്പെടുത്തുന്നതാണെന്ന് യൂറോപ്യന്‍ യൂണിയന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും വ്യാപാര കമ്മിഷണറുമായ വാള്‍ദിസ് ദോംബ്രോവ്സ്കിസ്. ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ചര്‍ച്ചയിലാണ് ദോംബ്രോവ്സ്കിസിന്റെ പരാമര്‍ശം.

ഉക്രയ്നുമേലുള്ള യുദ്ധത്തിനും അതിക്രമത്തിനുമുള്ള ഉപകരണങ്ങളായാണ് ഭക്ഷണത്തെയും ഊര്‍ജ്ജ വിതരണത്തെയും റഷ്യ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കരിങ്കടലില്‍ നിന്നുള്ള ചരക്ക് നീക്കത്തില്‍ നിന്ന് പിന്മാറിയതോടെ ഉക്രെയ്നെ ലോകമാര്‍ക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ റഷ്യയ്ക്ക് കഴി‍ഞ്ഞു. ഉപരോധത്തിലൂടെ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചു നിര്‍ത്താനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ചത്. എന്നാല്‍ ഈ കാലയളവില്‍ ഇന്ത്യ റെക്കോ‍ഡ് വാങ്ങലാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും ചൈനയും പാശ്ചാത്യരാജ്യങ്ങളുടെ ഉപരോധത്തില്‍ പങ്കാളികളാകാത്തതിനാല്‍ യൂറോപ്യന്‍ മാര്‍ക്കറ്റിന് ബദലായി എണ്ണ വിറ്റഴിക്കാന്‍ റഷ്യക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉക്രെനുമായുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെയാണ് പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയത്. ഇതോടെ റഷ്യയില്‍ നിന്ന് കടല്‍ വഴിയുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിരോധിച്ചു. പിന്നീട് ശുദ്ധീകരിച്ച ഇന്ധനങ്ങളിലേക്കും ഈ നിരോധനം നീട്ടി. വിലക്കുറവില്‍ ക്രൂഡ് ഓയില്‍ ലഭിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങി. ഇതിന് പിന്നാലെ റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി നിര്‍ത്താന്‍ യൂറോപ്യന്‍ യൂണിയനും അമേരിക്കയും ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ ഇന്ത്യന്‍ ജനതയുടെ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അതിനാല്‍ വിലക്കുറവോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാട് ഇന്ത്യ സ്വീകരിക്കുകയായിരുന്നു.

കെപ്ലെറില്‍ നിന്ന് ബ്ലൂംബെര്‍ഗ് സമാഹരിച്ച വിവരങ്ങള്‍ പ്രകാരം ഇന്ത്യ വഴി യൂറോപ്പ് റഷ്യയില്‍ നിന്ന് റെക്കോര്‍ഡ് അളവില്‍ ശുദ്ധീകരിച്ച ഇന്ധനങ്ങള്‍ വാങ്ങുന്നതായി കണ്ടെത്തിയിരുന്നു. റഷ്യയ്‌ക്കെതിരായ യൂറോപ്യന്‍ ഉപരോധം ഒഴിവാക്കി റഷ്യന്‍ എണ്ണ വാങ്ങുകയും സംസ്‌കരിച്ച ഉല്പന്നങ്ങള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന രാജ്യങ്ങളില്‍ ഇന്ത്യ മുന്നിലാണ് ഈ കണക്കുകള്‍ പറയുന്നു. എല്ലാ വിലക്കുകളും അവഗണിച്ച് റഷ്യയുടെ എണ്ണ യൂറോപ്പിലേക്ക് തിരിച്ചുവരുന്നു എന്നും ഇന്ത്യ വന്‍ തോതില്‍ റഷ്യന്‍ ബാരലുകള്‍ വാങ്ങി ഇന്ധന കയറ്റുമതി വര്‍ധിപ്പിക്കുന്നുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

Eng­lish sum­ma­ry; Increase in imports from Rus­sia; EU is wor­ried about Indi­a’s position

you may also like this video;

Exit mobile version