Site iconSite icon Janayugom Online

സംസ്ഥാനത്തെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്

സംസ്ഥാനത്തെ വനിതാ സംരംഭകരുടെ എണ്ണത്തില്‍ വര്‍ധനവ്. കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ (കെഎസ്‍യുഎം) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വനിതാ സ്റ്റാര്‍ട്ടപ്പുകളുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2022 ല്‍ 175 വനിതാ സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2023 ന്റെ ആദ്യ പാദത്തില്‍ തന്നെ ഇതിന്റെ എണ്ണം 233 കടന്നു. വനിതകള്‍ക്ക് സംരംഭം തുടങ്ങുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സാമ്പത്തിക‑സാങ്കേതിക സഹായം കെഎസ്‍യുഎം നല്‍കുന്നുണ്ട്.
വനിതകളെ സംരംഭകത്വത്തിലൂടെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് കെഎസ്‍യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.1.73 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് വനിത, വനിത സഹസ്ഥാപക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കെഎസ്‍യുഎം നല്‍കിയത്. വായ്പയിനത്തില്‍ ഒരു കോടി നല്‍കിയിട്ടുണ്ട്. 2030ഓടെ 250 വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപക ധനസഹായം ഉറപ്പാക്കാനാണ് കെഎസ്‍യുഎം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉല്പന്നങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട 12 ലക്ഷത്തിന്റെ പ്രോഡക്ടൈസേഷന്‍ ഗ്രാന്റ്, നിലവിലെ സംരംഭം വികസിപ്പിക്കുന്നതിനായുള്ള 20 ലക്ഷത്തിന്റെ സ്കെയില്‍ അപ്പ് ഗ്രാന്റ് എന്നിവ സ്റ്റാര്‍ട്ടപ്പ് മിഷനിലൂടെ വനിതാ സംരംഭകര്‍ക്ക് ലഭിക്കുന്ന പ്രധാന ഗ്രാന്റുകളാണ്. ഒരു സംരഭത്തിന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റിങിനും പ്രചാരണത്തിനുമായി അഞ്ചു ലക്ഷം വരെ നല്കുന്ന പദ്ധതിയും ഇതിനൊപ്പമുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ നൂതന പരിപാടികളിലൂടെ വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ എട്ട് കോടി രൂപ നേടിയിരുന്നു. വനിതാ സംരംഭകര്‍ക്ക് മാത്രമായുള്ള സ്റ്റാര്‍ട്ടപ്പ് മിഷന്റെ മാനേജ്മെന്റ് പരിശീലന പരിപാടിയും ശ്രദ്ധേയമാണ്.
26 വനിതാ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ കഴിഞ്ഞ വര്‍ഷം ഈ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. വനിതാ സംരംഭകരില്‍ അഞ്ച് ശതമാനം വിദ്യാര്‍ത്ഥിനികളും 95 ശതമാനം പ്രൊഫഷണലുകളുമാണെന്ന പ്രത്യേകതയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കെ-വിന്‍സ്, വിമന്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ്, ഷീ ലവ്സ് ടെക്, വൈ ഹാക്ക്, വീ-സ്പാര്‍ക്ക് തുടങ്ങി നിരവധി പരിപാടികള്‍ കെഎസ്‍യുഎം സംഘടിപ്പിച്ചിരുന്നു. വനിതാ സംരംഭകര്‍ക്കായി ഇന്‍കുബേഷന്‍ കോഹോര്‍ട്ട്, മെന്റര്‍ കണക്റ്റ്, ബൂട്ട്ക്യാമ്പുകള്‍, വര്‍ക്ക്ഷോപ്പുകള്‍ എന്നിവയും നടത്തുന്നുണ്ട്.

Eng­lish Sum­ma­ry: Increase in the num­ber of women entre­pre­neurs in the state

You may also like this video

Exit mobile version