Site iconSite icon Janayugom Online

മദ്യവിലയിൽ വർധന, 10 മുതൽ 50 രൂപ വരെ ഉയർത്തും; നാളെ മുതല്‍ പ്രാബല്യത്തില്‍

മദ്യത്തിന് വില കൂട്ടി. ശരാശരി 10 ശതമാനം വരെയാണ് വിലവർധന. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധിക്കുക. സ്പിരിറ്റ് വില വർധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. മദ്യത്തിൻ്റെ ഉൽപാദനത്തിനു ചെലവ് കൂടിയെന്നും കൂടുതൽ പണം വേണമെന്ന മദ്യകമ്പനികളുടെ ആവശ്യം ന്യായമാണെന്ന സർക്കാർ നിലപാട് ബെവ്കോ ബോർഡും അംഗീകരിച്ചു. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.

പുതുക്കിയ മദ്യ വില വിവര പട്ടിക ബെവ്കോ പുറത്തിറക്കി. 62 കമ്പനികളുടെ 341 ബ്രാൻ്റുകൾക്ക് വില വർധിക്കും. സംസ്ഥാനത്ത് 15 മാസത്തിന് ശേഷമാണ് മദ്യത്തിൻ്റെ വില വർധിപ്പിച്ച് കൊണ്ടുള്ള തീരുമാനം വരുന്നത്. സർക്കാർ മദ്യമായ ജവാന് 10 രൂപയാണ് കൂട്ടിയത്. 640 രൂപയുടെ മദ്യത്തിന് ഇനി 650 രൂപ നൽകണം. 750 രൂപയായിരുന്ന ഓൾഡ് പോർട് റമ്മിന് 30 രൂപ കൂടി 780 ആയി. എം.എച്ച് ബ്രാൻഡി ക്ക് 1040 രൂപയായിരുന്നത് 1050 രൂപയായി. മോർഫ്യൂസ് ബ്രാൻഡി ക്ക് 1350 രൂപയിൽ നിന്ന് 1400 രൂപയായി. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുമുണ്ട്. ചില ബ്രാൻഡുകൾ പഴയ വിലയിൽ തന്നെ തുടരുന്നുമുണ്ട്.

ബവ്കോയും മദ്യക്കമ്പനികളും തമ്മിലുള്ള ‘റേറ്റ് കോൺട്രാക്ട്’ അനുസരിച്ചാണു മദ്യവില നിശ്ചയിക്കുന്നത്. ഓരോ വർഷവും വിലവർധന കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ചില വർഷങ്ങളിൽ വില കൂട്ടി നൽകും. കമ്പനികളുടെ ആവശ്യം കണക്കിലെടുത്തും അവരുമായി ചർച്ച നടത്തിയുമാണു പുതിയ വില നിശ്ചയിച്ചതെന്നു ബെവ്കോസിഎംഡി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

Exit mobile version