വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജീവനോപാധി നഷ്ടപരിഹാരത്തിന് അർഹരായ സൗത്ത് കടപ്പുറത്തെ 53 കട്ടമരത്തൊഴിലാളികൾക്ക് 4.20 ലക്ഷം രൂപ വീതം ആകെ 2.22 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള അപ്പീൽ കമ്മിറ്റി നഷ്ടപരിഹാരത്തിന് അർഹരാണെന്ന് കണ്ടെത്തിയതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ശുപാർശ ചെയ്തിട്ടുള്ളതുമായ തൊഴിലാളികൾക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്.
82,440 രൂപ വീതമാണ് കട്ടമരത്തൊഴിലാളികൾക്ക് അർഹമായ നഷ്ടപരിഹാരമായി ആദ്യം വിലയിരുത്തിയതെങ്കിലും കട്ടമര ഉടമസ്ഥർക്ക് ഭാഗികമായ ജീവനോപാധി നഷ്ടം സംഭവിക്കുന്നുവെന്ന ജീവനോപാധി ആഘാത വിലയിരുത്തൽ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് തുക വർധിപ്പിച്ചു നൽകിയത്. മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ദിനബത്തയായ 333 രൂപ അടിസ്ഥാനമാക്കി പ്രതിവർഷം 180 തൊഴിൽ ദിനങ്ങൾ എന്ന രീതിയിൽ ബ്രേക്ക് വാട്ടർ നിർമ്മാണം നീണ്ടുപോയ ഏഴ് വർഷത്തേക്കുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചത്.
വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ലത്തീൻ ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാൻ ചർച്ച നടത്തി. നഷ്ടപരിഹാരത്തിന് അർഹരായ കട്ടമരത്തൊഴിലാളികൾ ഇനിയുമുണ്ടെന്ന മത്സ്യത്തൊഴിലാളിപ്രതിനിധികളുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി.
കരമടി അനുബന്ധ തൊഴിലാളികളുടെ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനായി ഇടപെടൽ നടത്തും. നിലവിൽ നൽകിവരുന്ന സൗജന്യ മണ്ണെണ്ണയുടെ കാലാവധി നീട്ടൽ, പാർപ്പിട നിർമ്മാണത്തിന് ലൈഫിൽ പ്രത്യേക മുൻഗണന, എല്ലാവർക്കും കുടിവെള്ള കണക്ഷൻ തുടങ്ങിയ കാര്യങ്ങൾ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരുമായും ചർച്ച നടത്തി പരിഹാരം കാണുവാനും തീരുമാനമായി.
വിഴിഞ്ഞം ഫിഷ് ലാന്‍ഡിങ് സെന്ററിന്റെ നവീകരണം സംബന്ധിച്ച രൂപരേഖ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം പൂർത്തിയാക്കി ഒക്ടോബറിൽ സമർപ്പിക്കും. വിഴിഞ്ഞത്ത് 10 കിടക്കകളുള്ള പുതിയ ആശുപത്രി നിർമ്മിക്കുന്നതിനായി സ്ഥലം സർക്കാരിന് കൈമാറുമെന്ന് ചർച്ചയിൽ പങ്കെടുത്ത ലത്തീൻ ഇടവക പ്രതിനിധികൾ അറിയിച്ചു.
English Summary: kerala govenment increase the compensation of kattamaram workers in vizhinjam
You may also like this video