ഒരു നൂറ്റാണ്ടിന്റെ ജനകീയ രാഷ്ട്രീയ മുഖവും മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍, അനശ്വര രക്തസാക്ഷികള്‍ ഉറങ്ങുന്ന വലിയചുടുകാട്ടിലെ മണ്ണിനൊപ്പം ചേര്‍ന്നെങ്കിലും അദ്ദേഹത്തെ സംസ്കരിച്ച ഭൂമി കാണാന്‍ ജനപ്രവാഹം. ഇന്ന് രാവിലെ വിഎസിന്റെ മകന്‍ അരുണ്‍കുമാറും കുടുംബാംഗങ്ങളും എത്തിയിരുന്നു. തൊട്ട് പിന്നാലെ അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യുവും എത്തി. സംസ്കാര ചടങ്ങിനെത്തിയ തനിക്ക് തിരികെ മടങ്ങുന്നതിന് മുമ്പ് വിഎസിന്റെ ചിതയ്ക്കരുകില്‍ ഒന്നുകൂടി വരണമെന്ന് തോന്നിയതിനാലാണ് വലിയചുടുകാട്ടില്‍ വീണ്ടും വന്നതെന്ന് അദ്ദേഹം പറഞ്ഞു.
വിഎസിനെ കാണാനും അന്ത്യോപചാരം അര്‍പ്പിക്കാനും എത്തിയിട്ട് സാധിക്കാതെ പോയവരും അന്ത്യോപചാരം അര്‍പ്പിച്ചിട്ടും തിരികെ നാട്ടിലേക്ക് പോകുന്നതിന് മുമ്പ് ഒന്നുകൂടി കാണണമെന്ന് ആഗ്രഹിച്ചവരും ഇന്ന് വീണ്ടും വലിയചുടുകാട്ടിലെത്തി. ചിതയ്ക്ക് സമീപം നിന്ന് മുദ്രാവാക്യം വിളിച്ചവരുമുണ്ട്. കൊച്ചുകുട്ടികളും വനിതകളും ഉള്‍പ്പെടെയുള്ളവര്‍ കനത്ത മഴയെ അവഗണിച്ച് ഇന്ന് എത്തിയിരുന്നു.
വി എസ് അച്യുതാനന്ദനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാമെന്ന പ്രത്യാശ ഉണ്ടായിരുന്നെന്നും എന്നാല്‍ വിധിവിഹിതം മറിച്ചായിരുന്നെന്നും മകൻ വി എ അരുണ്‍കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഡോക്ടര്‍മാരോടും സമാശ്വസിപ്പിച്ചവരോടും അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോടും പാർട്ടിയോടുമൊക്കെ നന്ദിയുണ്ട്. അച്ഛൻ ഒപ്പമില്ലെന്ന തിരിച്ചറിവാണുള്ളത്. രോഗശയ്യയിൽ കിടക്കുന്ന അച്ഛനെ കാണാൻ താല്പര്യപ്പെട്ട നൂറുകണക്കിന് അടുപ്പക്കാരുണ്ടായിരുന്നു. ഡോക്ടർമാരുടെ കർശന നിര്‍ദേശം ഉണ്ടായിരുന്നതിനാൽ അന്ത്യനാളുകളിൽ ആരെയും കാണാൻ അനുവദിക്കാൻ കഴിഞ്ഞില്ല. പലർക്കും ഇക്കാര്യത്തിൽ വിഷമമുണ്ടായിട്ടുണ്ടാവും. അച്ഛന്റെ വിയോഗം സ്വയം അംഗീകരിക്കാൻ പോലും ഏറെ സമയമെടുത്തു. അച്ഛനോടൊപ്പം ബസിലിരുന്ന് വലിയ ചുടുകാട് വരെയുള്ള യാത്രയിലുടനീളം കൺമുന്നിലൂടെ ഒഴുകിനീങ്ങിയ ജനസമുദ്രത്തെ കൂപ്പുകൈകളോടെ സ്മരിക്കുന്നുവെന്നും അരുണ്‍കുമാര്‍ കുറിച്ചു.

