ആഘോഷനിറവില്‍ ത്രിവര്‍ണം ചൂടി രാജ്യം. സ്വാതന്ത്ര്യലബ്ധിയുടെ 75-ാം വാര്‍ഷികം ഇന്ന് നാടെങ്ങും ആഘോഷിക്കുന്നു. വീടുകളും സ്ഥാപനങ്ങളും പൈതൃക, സാംസ്കാരിക കേന്ദ്രങ്ങളുമെല്ലാം ദേശീയ പതാകകളാല്‍ അലംകൃതമായി. രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതുന്ന സ്വാതന്ത്ര്യദിന പരേഡും ഇന്ന് നടക്കും.
ഇനിയും അവസാനിക്കാത്ത കോവിഡ് വെല്ലുവിളികളുടെയും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെയും ഇടയിലും സ്വാതന്ത്ര്യദിനത്തെ ആഘോഷപൂര്‍വമാണ് ജനങ്ങള്‍ വരവേറ്റിരിക്കുന്നത്. ത്യാഗത്തിന്റെ പ്രതീകങ്ങളായി മാറിയ സ്വാതന്ത്ര്യസമര പോരാളികളെ ഒരിക്കല്‍കൂടി രാജ്യം അനുസ്മരിക്കുന്നു.
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി ഗ്രാമ‑നഗര ഭേദമന്യേ മൂവര്‍ണക്കൊടികള്‍കൊണ്ട് നിറഞ്ഞിട്ടുണ്ട്. കേരളത്തില്‍ കുടുംബശ്രീ നിര്‍മ്മിച്ച ദേശീയ പതാകകള്‍ എല്ലാ ഭവനങ്ങളിലും എത്തിച്ചിരുന്നു. രാജ്യത്തൊട്ടാകെ 20 കോടി വീടുകളിലാണ് ത്രിവര്‍ണ പതാകകള്‍ ഉയര്‍ന്നിരിക്കുന്നത്. ആവേശവും ആഘോഷവും ഒട്ടുംചോരാതെ പ്രവാസലോകവും സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ 7.30ന് പതാക ഉയർത്തുന്ന സമയത്ത് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാൻസ്ഡ് ടോഡ് ആർട്ടിലറി ഗൺ സിസ്റ്റം ഉപയോഗിച്ചാകും ഇരുപത്തിയൊന്ന് ആചാര വെടി മുഴക്കുക. ആദ്യമായാണ് സ്വാതന്ത്ര്യ ദിനത്തിൽ ഗൺ സല്യൂട്ടിന് തദ്ദേശീയമായി വികസിപ്പിച്ച സംവിധാനം ഉപയോഗിക്കുന്നത്.
7,000 അതിഥികള്‍ക്കാണ് ചെങ്കോട്ടയിലേക്ക് പ്രവേശനം. ഇതിൽ കോവിഡ് മുന്നണി പോരാളികളും വഴിയോര കച്ചവടക്കാരും ഉൾപ്പെടുന്നു. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമുകളുടെ ഭാഗമായി 20ലധികം വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കെടുക്കും. ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ വന്‍ സുരക്ഷയാണ് ചെങ്കോട്ടയിലും പരിസരത്തും ഒരുക്കിയിരിക്കുന്നത്. പതിനായിരത്തിലധികം പൊലീസുകാരെ ചെങ്കോട്ടയില്‍ വിന്യസിച്ചു. ഓരോ പ്രവേശന കവാടത്തിലും മുഖം തിരിച്ചറിയുന്ന സംവിധാനമുള്ള കാമറകള്‍ക്കൊപ്പം ബഹുതല സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
English Summary: 75th independence day
You may also like