Site iconSite icon Janayugom Online

വിന്‍ഡീസിനെതിരെ ആദ്യ ദിനത്തില്‍ ഇന്ത്യ രണ്ടിന് 318 റണ്‍സ്; സെഞ്ചുറിയുമായി ജയ്സ്വാള്‍ ക്രീസില്‍

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ വമ്പന്‍ സ്കോറിലേക്ക്. ആദ്യ ദിനം അവസാനിച്ചപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറിയുമായി ക്രീസില്‍ നങ്കൂരമിട്ട യശസ്വി ജയ്സ്വാളിന്റെ കരുത്തിലാണ് ഇന്ത്യ വമ്പന്‍ സ്കോറിലേക്ക് കുതിക്കുന്നത്. 173 റണ്‍സുമായി യശസ്വി ജയ്സ്വാളും 20 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. കെ എല്‍ രാഹുല്‍-ജയ്സ്വാള്‍ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 54 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ജോമല്‍ വരിക്കാന്‍ പുറത്താക്കി. ഒരു സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. എന്നാല്‍ പിന്നീടെത്തിയ സായ് സുദര്‍ശന്‍ ജയ്സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ ഇരുവരും 193 റണ്‍സ് അടിച്ചെടുത്തു. 145 പന്തുകളിൽ നിന്ന് ജയ്സ്വാള്‍ 100 കടന്നു. ടെസ്റ്റിൽ രണ്ടാം അർധസെഞ്ചുറിയാണ് സായ് കുറിച്ചത്. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ സായ് സുദര്‍ശന്‍ നല്‍കിയ ക്യാച്ച് വിന്‍ഡീസ് കൈവിട്ടതും സന്ദര്‍ശര്‍ക്ക് തിരിച്ചടിയായി.

ഒടുവില്‍ കന്നി സെഞ്ചുറിയിലേക്കു മുന്നേറിയ സായിയെ 87 റണ്‍സില്‍ നില്‍ക്കെ വാരിക്കന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇരുവരും മൂന്നാം സെഷനില്‍ 251ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീടെത്തിയ ഗില്ലും ജയ്‍സ്വാളിന് ഉറച്ച പിന്തുണ നൽകിയതോടെ ഇന്ത്യൻ സ്കോർ 300 കടന്നു. ഇതിനിടെ വിന്‍ഡീസ് രണ്ടാം ന്യൂബോള്‍ എടുത്തെങ്കിലും ഇന്ത്യയെ സമ്മര്‍ദത്തിലാക്കാനായില്ല. ഇതിനിടെ 224 പന്തില്‍ 150 റൺസ് പിന്നിട്ട ജയ്സ്വാള്‍ ടെസ്റ്റിലെ തന്റെ അഞ്ചാമത്തെ 150+ സ്കോര്‍ കുറിച്ചു. ഗില്ലും ജയ്സ്വാളും ഇതിനോടകം 67 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നേരത്തെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം നേടിയിരുന്നു. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നിലവിലെ മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യ പരമ്പര തൂത്തുവാരും. അങ്ങനെയെങ്കില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഇന്ത്യക്ക് വലിയ കുതിപ്പ് നടത്താനാകും.

പ്ലേയിങ് ഇലവൻ
ഇന്ത്യ: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദർ, കുൽദീപ് യാദവ് ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

Exit mobile version