ടി20 പരമ്പര നേടിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഇറങ്ങുന്നു. മൂന്ന് മത്സരപരമ്പരയിലെ ആദ്യ മത്സരം ഇന്ന് ഉച്ചയ്ക്ക് 1.30ന് നടക്കും. തെംബ ബവൂമ മികച്ച ടീമിനെയിറക്കുമ്പോള്‍ ശിഖര്‍ ധവാന്‍ നയിക്കുന്ന രണ്ടാം നിര ടീമുമായാണ് ഇന്ത്യയിറങ്ങുന്നത്. ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഉള്‍പ്പെട്ടിട്ടുണ്ട്. ടി20 ലോകകപ്പിനായി ഇന്ന് രോഹിത്തും സംഘവും ഓസ്ട്രേലിയയിലേക്കു തിരിക്കുന്നതിനാല്‍ ഏകദിന പരമ്പരയില്‍ മറ്റൊരു ടീമിനെ ഇന്ത്യ പരീക്ഷിക്കുകയായിരുന്നു. ഇഷാന്‍ കിഷനാണ് സഞ്ജുവിനെ കൂടാതെയുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ടി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഇന്ത്യ പരമ്പര നേടിയിരുന്നു. അവസാനത്തെ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ വമ്പന്‍ സ്കോറിലെത്താന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല.
ഏകദിന ഫോര്‍മാറ്റില്‍ നിലവില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. അവസാനമായി ശ്രീലങ്ക, വെസ്റ്റിന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരായ ഏകദിന പരമ്പരകള്‍ സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഈ പരമ്പരകളില്‍ സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍ എന്നിവരടക്കമുള്ള പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മികച്ച യുവതാരനിരയുമായാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇറങ്ങുന്നത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനാണ് ടീമിലെ പരിചയസമ്പന്നമായ താരം.
അതേസമയം ടി20 പരമ്പര കൈവിട്ട ദക്ഷിണാഫ്രിക്കയ്ക്ക് അതിന്റെ ക്ഷീണം തീര്‍ക്കാന്‍ വേണ്ടിയാകും ഇന്നിറങ്ങുക. മാത്രമല്ല അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പിനു യോഗ്യത നേടണമെങ്കില്‍ അവര്‍ക്ക് ഈ പരമ്പരയുടെ ഫലം വളരെ നിര്‍ണായകമാണ്. ടി20 പരമ്പരയില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ക്വിന്റണ്‍ ഡി കോക്കും ഡേവിഡ് മില്ലറുമെല്ലാം ടീമിലുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ യുവനിരയ്ക്ക് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര നേടിയാല്‍ അത് നേട്ടമാകും. അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പ് കൂടിയാണ് ഇന്ത്യയെ സംബന്ധിച്ച് ഓരോ പരമ്പരകളും.
English Summary:india aganist south africa
You may also like this video