ഇന്ത്യ, നേപ്പാള്‍ അതിർത്തി ചര്‍ച്ചകൾ ഡല്‍ഹിയില്‍ ഇന്ന് ആരംഭിക്കും. കഴിഞ്ഞ മാസങ്ങളിൽ കാഠ്മണ്ഡുവിലുണ്ടായ ജെന്‍ സി പ്രതിഷേധങ്ങൾക്ക് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ ഉന്നതതല ചര്‍ച്ചയാണിത്. മൂന്ന് ദിവസമാണ് ചര്‍ച്ച നടക്കുക.
അതിർത്തി സുരക്ഷയും അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾ തടയല്‍, ഇരുരാജ്യങ്ങളുടെയും സുരക്ഷാസേനകൾ തമ്മിലുള്ള സഹകരണ സംവിധാനങ്ങളുടെ ശക്തീകരണം എന്നിവയാണ് ചര്‍ച്ചയുടെ പ്രധാന അജണ്ട. ഇന്ത്യൻ പ്രതിനിധി സംഘത്തെ സശസ്ത്ര സീമ ബെല്‍ (എസ്‌എസ്ബി) ഡയറക്ടർ ജനറൽ സഞ്ജയ് സിംഗാള്‍ നയിക്കും. നേപ്പാള്‍ സംഘത്തിന് ആംഡ് പൊലീസ് ഫോഴ്സ് (എപിഎഫ്) ഇൻസ്‌പെക്ടർ ജനറൽ രാജു ആര്യാൽ നേതൃത്വം നൽകും. അതിര്‍ത്തിയിലെ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനായി സംയുക്ത അതിര്‍ത്തി മാനേജ്മെന്റ് ശക്തമാക്കുന്നതിനും തത്സമയ വിവരങ്ങള്‍ കൈമാറുന്നതനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ഏകോപിത അതിര്‍ത്തി മാനേജ്മെന്റ് രീതികള്‍ ശക്തിപ്പെടുത്തുന്നതിനും ചര്‍ച്ചയില്‍ പ്രത്യേക ഈന്നല്‍ നല്‍കും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള അവസാന ചര്‍ച്ച കഴിഞ്ഞ നവംബറില്‍ കാഠ്മണ്ഡുവിലാണ് നടന്നത്. അതിൽ ഇരുരാജ്യങ്ങളും അതിർത്തി സുരക്ഷയിൽ കൂടുതൽ സഹകരണം ഉറപ്പാക്കണമെന്ന് തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ അതിർത്തി സുരക്ഷാ സേനയായ എസ്എസ്ബി ഏകദേശം 1,751 കിലോമീറ്റർ നീളമുള്ള ഇന്ത്യ- നേപ്പാൾ അതിർത്തിയും, കൂടാതെ ഇന്ത്യ–ഭൂട്ടാൻ അതിർത്തിയും സംരക്ഷിക്കുന്നതിൽ പങ്കാളിയാണ്. ഉന്നതതല അതിർത്തി ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളുടെയും സുരക്ഷാ ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

