Site iconSite icon Janayugom Online

ഇന്ത്യ‑ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്;രണ്ടാം ദിനം ഉപേക്ഷിച്ചു

ഇന്ത്യ‑ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാനാകാതെ ഉപേക്ഷിച്ചു. ആദ്യ ദിനത്തിലും മഴ തകര്‍ത്തതോടെ 35 ഓവര്‍ മാത്രമാണ് മത്സരം നടന്നത്. രണ്ടാം ദിവസം തുടക്കത്തില്‍ പെയ്ത ചാറ്റല്‍മഴ വൈകാതെ ശക്തിയാര്‍ജിക്കുകയായിരുന്നു. അവസാന സെഷനിലെങ്കിലും മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മഴ തുടര്‍ന്നതോടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിക്കുന്നതായി അമ്പയര്‍മാര്‍ അറിയിച്ചു.

രാവിലെ 11.15 ഓടെ മഴ നിലച്ചെങ്കിലും കളി തുടരാവുന്ന സാഹചര്യമായിരുന്നില്ല. തുടര്‍ന്ന് ഉച്ചയ്ക്ക് 2.15 ഓടെ രണ്ടാം ദിവസത്തെ മത്സരം ഉപേക്ഷിച്ചതായി അറിയിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച്‌ കാണ്‍പൂരില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെടുത്തിരുന്നു. മൊമിനുല്‍ ഹഖ് (40), മുഷ്ഫിഖുര്‍ റഹീം (6) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹസന്‍ (0), ഷദ്മാന്‍ ഇസ്ലാം (24), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (28) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. ആര്‍ അശ്വിന്‍ ഒരു വിക്കറ്റ് നേടി. 29 റണ്‍സെടുക്കുന്നതിനിടെ രണ്ടു വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന് കാത്തത് മൂന്നാം വിക്കറ്റില്‍ ഒന്നിച്ച മോമിനുള്‍-ഷാന്റോ കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേര്‍ന്ന് 51 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂരിലെ കാലാവസ്ഥ മുതലെടുക്കാമെന്ന് കരുതിയാണ് ടോസ് നേടിയിട്ടും രോഹിത് ബൗളിങ് തിരഞ്ഞെടുത്തത്. എന്നാല്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെങ്കിലും ക്ഷമയോടെ പിടിച്ചുനിന്ന മോമിനുളും ഷാന്റോയും ബംഗ്ലാദേശിനെ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടമാകാതെ കാത്തു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായതിനാല്‍ ഇന്ത്യക്ക് ഈ ടെസ്റ്റില്‍ വിജയിക്കേണ്ടതായുണ്ടായിരുന്നു. എന്നാല്‍ രണ്ടാം ദിനവും മഴയെടുത്തതോടെ മത്സരം സമനിലയിലാകുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമെന്ന ഇന്ത്യൻ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റും അടുത്ത മാസം ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന മൂന്നു ടെസ്റ്റും ജയിക്കുകയും ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങാതിരിക്കുകകയും ചെ­യ്താല്‍ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഫൈനലുറപ്പിക്കാമായിരുന്നു. രണ്ട് മത്സര പരമ്പരയില്‍ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.

Exit mobile version