ഇന്ത്യ ഇസ്രയേല്‍ ചാര സോഫ്റ്റ്‌വേറായ പെഗാസസ് വാങ്ങിയത് 13,000 കോടിയുടെ സൈനിക കരാറില്‍ ഉള്‍പ്പെടുത്തിയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്. 2017ല്‍ ഇരുരാജ്യങ്ങളും ഒപ്പിട്ട സൈനിക കരാറിലാണ് പെഗാസസിന്റെ കൈമാറ്റവും ഉള്‍പ്പെട്ടിരിക്കുന്നത്. മിസൈല്‍ സംവിധാനവും പെഗാസസുമായിരുന്നു കരാറിലെ തന്ത്രപ്രധാനവസ്തുക്കളുമെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേല്‍ സര്‍ക്കാരും എന്‍എസ്ഒ ഗ്രൂപ്പും ചേര്‍ന്ന് ചാര സോഫ്റ്റ്‌വേറുകള്‍ എതിരാളികളെ നിരീക്ഷിക്കാനുള്ള ഉപകരണമാക്കി ലോകമെമ്പാടുമുള്ള പുതുതലമുറയിലെ രാഷ്ട്രത്തലവന്മാര്‍ക്ക് എത്തിച്ചുനല്‍കി. ഇന്ത്യ, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതിന്റെ രേഖകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2017 ജൂലൈയില്‍ ഇസ്രയേലില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. പിന്നീട് 13,000 കോടി രൂപയുടെ സൈനിക കരാറിന് ഇരുരാജ്യങ്ങളും ധാരണയായി. ശേഷം ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യ സന്ദര്‍ശിക്കുന്നു. അതിനു പിന്നാലെയാണ് യുഎന്നിന്റെ എക്കണോമിക് ആന്റ് സോഷ്യല്‍ കൗണ്‍സിലിന്റെ നിരീക്ഷക പദവി പലസ്തീന് നല്‍കുന്നതിനെതിരെ ഇന്ത്യ വോട്ട് ചെയ്തത്, ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്രയേലില്‍ നിന്ന് പെഗാസസ് സോഫ്റ്റ്‌വേര്‍ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്തോയെന്ന ചോദ്യത്തില്‍ നിന്ന് രാജ്യസുരക്ഷയുടെ പേരില്‍ ഒഴിഞ്ഞുമാറുന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചുവന്നത്. എന്‍എസ്ഒ ഗ്രൂപ്പുമായി യാതൊരു തരത്തിലുള്ള വാണിജ്യ ഇടപാടുകളും നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെഗാസസ് ഉപയോഗിച്ച് നിരീക്ഷണം നടത്തിയെന്ന് കാണിച്ച് നിരവധിപ്പേര്‍ പരാതി നല്‍കുകയും പരാതി പരിശോധിക്കാന്‍ സുപ്രീംകോടതി പ്രത്യേക സമിതി രൂപീകരിക്കുകയും ചെയ്തിരുന്നു
English Summary :New York Times reports that India bought Israeli spy software Pegasus as part of a Rs 13,000 crore military deal
you may also like this video