Site icon Janayugom Online

ഇന്ത്യ- കാനഡ ഭിന്നത വര്‍ധിക്കുന്നു; ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടുവെന്ന് എസ് ജയശങ്കര്‍

ഇന്ത്യ‑കാന‍ഡ ബന്ധം വീണ്ടും വഷളാകുന്നു. ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ കാനഡ നിരന്തരം ഇടപെടല്‍ നടത്തിയതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്നലെ ആരോപിച്ചു. കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം വെട്ടിക്കുറച്ചത് ആഭ്യന്തര വിഷയങ്ങളിലെ ഇടപെടലുകളെ തുടര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്രജ്ഞരുടെ എണ്ണം വെട്ടിക്കുറച്ച നടപടിയെ വിമര്‍ശിച്ച് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു എസ് ജയശങ്കര്‍. അതേസമയം കാനഡയും മറ്റ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് പ്രസ്താവനയെന്ന് വിലയിരുത്തപ്പെടുന്നു. കനേഡിയന്‍ പൗരന്‍മാര്‍ക്കുള്ള വിസ സര്‍വീസ് തല്‍ക്കാലം ആരംഭിക്കില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

നേരത്തെ കാനഡയെ പിന്തുണച്ചുകൊണ്ട് യുഎസും ബ്രിട്ടനും നയതന്ത്ര ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നയതന്ത്ര പ്രതിനിധികൾ രാജ്യത്തുള്ളത് നല്ലതാണ്. നയതന്ത്ര ബന്ധം സംബന്ധിച്ച് 1961ലെ വിയന്ന കൺവെൻഷൻ നിബന്ധനകൾ പാലിക്കണമെന്നും യുഎസ് വിദേശകാര്യ വകുപ്പ് വക്താവ് മാത്യൂ മില്ലർ പറഞ്ഞു. ഇന്ത്യയിൽ നിന്നും കനേഡി‍യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് തിരികെ പോകേണ്ട തരത്തിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച നടപടികൾ അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ ഓഫിസും അറിയിച്ചിരുന്നു. 

ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജർ കാനഡയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചതിനു പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന ഇന്ത്യയുടെ പ്രതികരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം 41 നയതന്ത്രജ്ഞരെ കാനഡ തിരികെ വിളിച്ചിരുന്നു. 

Eng­lish Summary:India-Canada divide widens; S. Jayashankar said that he inter­fered in inter­nal affairs
You may also like this video

Exit mobile version