Site iconSite icon Janayugom Online

പിടിമുറുക്കി ഇന്ത്യ

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഫോളോ ഓണിനിറങ്ങിയ വെസ്റ്റിന്‍ഡീസ് ഇന്നിങ്സ് തോല്‍വിയൊഴിവാക്കാന്‍ പൊരുതുന്നു. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. 87 റണ്‍സുമായി ഓപ്പണര്‍ ജോണ്‍ കാംബെലും 66 റണ്‍സോടെ ഷായ് ഹോപ്പുമാണ് ക്രീസില്‍. ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (10), അലിക് അതനാസെ (ഏഴ്) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. പിന്നീട് കാംപെല്‍ — ഹോപ്പ് സഖ്യം ഇതുവരെ 138 റണ്‍സ് കൂട്ടിചേര്‍ത്തു. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 518ന് എതിരെ, വിന്‍ഡീസ് 248ന് പുറത്തായിരുന്നു. ഇതോടെ ഇന്ത്യ 270 റണ്‍സിന്റെ ലീഡ് നേടി. അഞ്ച് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് വിന്‍ഡീസിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. 84 പന്തില്‍ 41 റണ്‍സെടുത്ത അലിക് അതനസെയാണ് ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് ടോപ് സ്കോറര്‍. മൂന്നാം ദിനമായ ഇന്നലെ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ് ബാറ്റിങ് ആരംഭിച്ചത്. ഷായ് ഹോപ്പിനെ (36) ബൗള്‍ഡാക്കിയ കുല്‍ദീപ് യാദവാണ് മൂന്നാം ദിനം വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് (21), ജസ്റ്റിന്‍ ഗ്രീവ്‌സ്(17) എന്നിവരെ മടക്കിയ കുല്‍ദീപ് വിന്‍ഡീസിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ജോമെല്‍ വാറിക്കനെ (ഒന്ന്) പുറത്താക്കി മുഹമ്മദ് സിറാജ് വിന്‍ഡീസിനെ 175–8 ലേക്ക് തള്ളിയിട്ട് ഫോളോ ഓണ്‍ ഭീഷണിയിലാക്കി. ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സ് കൂട്ടിച്ചേര്‍ത്ത പിയറി-ആന്‍ഡേഴ്‌സണ്‍ സഖ്യം 200 റണ്‍സ് കടത്തി. പിയറി 23 റണ്‍സും ആന്‍ഡേഴ്സണ്‍ 24 റണ്‍സുമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് യശസ്വി ജയ്സ്വാളിന്റെയും (175), ശുഭ്മാന്‍ ഗില്ലിന്റെയും (129) സെഞ്ചുറിയാണ് കരുത്തായത്. കെ എല്‍ രാഹുല്‍-ജയ്സ്വാള്‍ സഖ്യം ഓപ്പണിങ് കൂട്ടുകെട്ടില്‍ 58 റണ്‍സാണ് കൂട്ടിച്ചേര്‍ത്തു. 54 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ ജോമല്‍ വരിക്കാന്‍ പുറത്താക്കി. സായ് സുദര്‍ശന്‍ ജയ്സ്വാളിനൊപ്പം രണ്ടാം വിക്കറ്റില്‍ 193 റണ്‍സ് അടിച്ചെടുത്തു. ഒടുവില്‍ കന്നി സെഞ്ചുറിയിലേക്കു മുന്നേറിയ സായിയെ 87 റണ്‍സില്‍ നില്‍ക്കെ വാരിക്കന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. ഇരുവരും മൂന്നാം സെഷനില്‍ 251ല്‍ വച്ചാണ് വേര്‍പിരിഞ്ഞത്. പിന്നീട് ഒത്തുച്ചേര്‍ന്ന ഗില്ലും ജയ്സ്വാളും 74 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ടെസ്റ്റ് കരിയറില്‍ ഗില്‍ 10-ാം സെഞ്ചുറി കുറിച്ചു. സായ് സുദര്‍ശന്‍ (87), നിതീഷ് കുമാര്‍ റെഡ്ഡി (43), ധ്രുവ് ജൂറേല്‍ (44), കെ എല്‍ രാഹുല്‍ (38) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍.

Exit mobile version