Site iconSite icon Janayugom Online

ഇന്ത്യ ചൈന ചർച്ച പൂർത്തിയായി; അതിർത്തിയിൽ നിന്ന് സൈനികരെ പൂർണമായും മാറ്റണം

അതിർത്തിയിൽ സമാധാനവും ശാന്തിയും കൈവരിക്കുകയാണ് ഉഭയകക്ഷി ബന്ധത്തിലെ പുരോഗതിയുടെ അടിസ്ഥാനമെന്നും അതിർത്തിയിൽ വൻതോതിലുള്ള ചൈനയുടെ സൈനിക സാന്നിധ്യം അസാധാരണവും സാധാരണ നിലയിലേക്കുള്ള പുരോഗതിക്കു തടസവുമാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ.
ഡൽഹിയിൽ എത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌ യിയുമായി കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ജയശങ്കർ. യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷം ലഘൂകരിക്കുന്നതിനു ഒരു പരിധിവരെ കഴിഞ്ഞിട്ടുണ്ട്. എന്നാൽ അത് തുടര്‍ന്ന് മുന്നോട്ട് എങ്ങനെ കൊണ്ടുപോകും എന്നതായിരുന്നു ഇന്നലത്തെ ചർച്ച. 

ഇസ്ലാമബാദിൽ നടന്ന ഇസ്‍ലാമിക രാജ്യ സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ വാങ് കശ്മീർ സംബന്ധിച്ചു നടത്തിയ പരാമർശങ്ങൾ ഉഭയകക്ഷി ചർച്ചയിൽ ദീർഘമായി പരിഗണിക്കപ്പെട്ടു. ചൈന സ്വതന്ത്രമായ വിദേശനയം പിന്തുടരണമെന്നും, മറ്റുള്ളവരുടെ കാഴ്ചപ്പാട് അതിനെ സ്വാധീനിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഉഭയകക്ഷി ബന്ധങ്ങളിലെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കുക എന്നതും സംഘർഷങ്ങൾ അവസാനിപ്പിക്കുക എന്നതുമാണ് ഇന്ത്യയുടെ ലക്ഷ്യം. അതിന് ഇതിനകം ഉണ്ടാക്കിയ കരാറുകൾ പ്രായോഗിക തലത്തിൽ നടപ്പാക്കേണ്ടതുണ്ട്. അതിൽ പുരോഗതി ഉണ്ടെങ്കിലും വളരെ സാവധാനമാണ്. അതിന് വേഗത കൂട്ടുക എന്നതായിരുന്നു ചർച്ചയുടെ ലക്ഷ്യം- ജയശങ്കർ കൂട്ടിച്ചേർത്തു. 

മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കോവിഡിനെ തുടർന്ന് ചൈനയിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികളെ തിരികെചെല്ലാൻ അനുവദിക്കാത്തതും വിഷയമായി. പ്രശ്നം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് വാങ് ഉറപ്പുനൽകി. റഷ്യ ഉക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ നയതന്ത്രചർച്ചകളിലൂടെ പരിഹാരം കാണണം എന്ന കാര്യത്തിൽ ഇരു രാജ്യങ്ങളും യോജിച്ചു. അതേസമയം ചൈന ആതിഥേയത്വം വഹിക്കുന്ന അഫ്ഗാനിസ്ഥാന്റെ അയൽ രാഷ്ട്രങ്ങളുടെ സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചില്ല. വാങിന്റെ ഇന്ത്യാ സന്ദര്‍ശനം പരസ്യമാക്കരുതെന്ന് ചൈന താല്പര്യപ്പെട്ടിരുന്നതായി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു.

eng­lish summary;India-China dis­cus­sion over

you may also like this video;

Exit mobile version