Site icon Janayugom Online

ഇന്ത്യ- ചൈന സൈനികതല ചർച്ച ഇന്ന്

ഇന്ത്യയും ചൈനയും തമ്മിലുള്ള 13-ാമത് സൈനികതല ചർച്ച ഇന്ന് നടക്കും. രാവിലെ 10.30ന് മോള്‍ഡോയിലാണ് ചര്‍ച്ച നടക്കുക. കിഴക്കൻ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എൽ‌എസി) അതിര്‍ത്തി പ്രശ്നങ്ങളും സൈനികപിന്മാറ്റവുമാണ് ചര്‍ച്ചയിലെ പ്രധാന അജണ്ട. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ‑ചെെന കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ കൂടിക്കാഴ്ചയെ തുടര്‍ന്ന് ഇന്ത്യയും ചൈനയും ഗോഗ്രയില്‍ നിന്ന് സൈന്യത്തെ പിൻവലിച്ചിരുന്നു. ഹോട്ട്സ്പ്രിങ്സ് അടക്കമുള്ള മേഖലകളിലെ സൈനിക പിന്മാറ്റമാണ് ഇനി അവശേഷിക്കുന്നത്. 

കിഴക്കൻ ലഡാക്കില്‍ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ കരസേനാ മേധാവി ജനറൽ എംഎം നരവാനെ പ്രദേശത്തിന്റെ സമഗ്രമായ അവലോകനം നടത്തി. ഏത് സാഹചര്യത്തെയും നേരിടാൻ ഇന്ത്യൻ സൈനികർ പൂർണ സജ്ജരാണെന്ന് അദ്ദേഹം പറഞ്ഞു. ലഡാക്കിലെ അതിർത്തിയിൽ ചൈനീസ് സൈന്യം തുടരുകയാണെങ്കില്‍ ഇന്ത്യൻ സൈനികരുടെ വിന്യാസം യഥാർത്ഥ നിയന്ത്രണ രേഖയിൽ തന്നെ തുടരുമെന്ന് കരസേനാ മേധാവി വ്യക്തമാക്കി. നിയന്ത്രണ രേഖയിൽ ചൈന തുടരുന്നത് ആശങ്കാജനകമാണ്. ഇനി ഒരു ആക്രമണം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

അരുണാചല്‍ പ്രദേശിലെ ബുംലാ യാങ്‌സി ചുരത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ കഴിഞ്ഞയാഴ്ച മുഖാമുഖം വന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഏകദേശം 200 ഓളം ചൈനീസ് സൈനികരാണ് യഥാര്‍ത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചത്. ഇവർ ഇന്ത്യയുടെ ബങ്കറുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചു. ഇന്ത്യന്‍ സൈന്യം ഇതിനെ പ്രതിരോധിച്ചു. സംഭവത്തെക്കുറിച്ച് കരസേന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ENGLISH SUMMARY:India-China mil­i­tary talks today
You may also like this video

Exit mobile version