Site iconSite icon Janayugom Online

ഇന്ത്യ‑ചൈന ബന്ധത്തില്‍ മഞ്ഞുരുകുന്നു

ഇന്ത്യ‑ചൈന ബന്ധത്തിലെ മഞ്ഞുരുകുന്നു. ഇന്ത്യയും ചൈനയും വികസന പങ്കാളികളാണെന്നും എതിരാളികളല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മിലുള്ള ചര്‍ച്ചയില്‍ ഇരുനേതാക്കളും വ്യക്തമാക്കി. അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുതെന്നും ഇരു നേതാക്കളും ഉറപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ന് ടിയാന്‍ജിനില്‍ നടക്കുന്ന ഷാങ്ഹായ് കോ-ഓപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്​സിഒ) നേതാക്കളുടെ ഉച്ചകോടിയോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ് പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. 2024ല്‍ കസാനില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഉഭയകക്ഷി ബന്ധങ്ങളിലുണ്ടായ ഗുണപരമായ മുന്നേറ്റത്തെയും സുസ്ഥിരമായ പുരോഗതിയെയും ഇരു നേതാക്കളും സ്വാഗതം ചെയ്തു. ബന്ധങ്ങള്‍ സാധാരണ നിലയിലേക്ക് മാറുന്നതിന്റെ ഭാഗമായി ഇന്ത്യ‑ചൈന വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ ധാരണയായി.

ഇരു രാജ്യങ്ങളിലെയും 280 കോടി ജനങ്ങളുടെ താല്പര്യങ്ങള്‍ പരസ്പര സഹകരണവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു. പരസ്പര ബഹുമാനം, താല്പര്യങ്ങള്‍, വികാരങ്ങള്‍ മാനിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ബന്ധവും സഹകരണവും ഇരു രാജ്യങ്ങളുടെയും വളര്‍ച്ചയ്ക്കും വികസനത്തിനും അത്യന്താപേക്ഷിതമാണ്. 21-ാം നൂറ്റാണ്ടിന്റെ പ്രവണതകള്‍ക്ക് അനുയോജ്യമായ ബഹുധ്രുവ ലോകത്തിനും ബഹുധ്രുവ ഏഷ്യക്കും ഇത് ആവശ്യമാണെന്നും മോഡി പറഞ്ഞു. ഷാങ്ഹായ് സഹകരണ കോര്‍പറേഷന്‍ ഉച്ചകോടിയുടെ വിജയത്തില്‍ ജിന്‍ പിങിനെ മോഡി അഭിനന്ദിച്ചു.

നല്ല അയല്‍ക്കാരാകേണ്ടത് അനിവാര്യമെന്ന് ജിന്‍ പിങ് പറഞ്ഞു. ഏഷ്യയിലെ സമാധാനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ജിന്‍പിങ് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷത്തെ വിജയകരമായ സൈനിക പിന്മാറ്റവും അതിനുശേഷം അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്തുന്നതും ഇരു നേതാക്കളും സംതൃപ്തിയോടെ വിലയിരുത്തി. അതിര്‍ത്തിപ്രശ്നത്തിന് ന്യായവും യുക്തിസഹവും പരസ്പരം സ്വീകാര്യവുമായ ഒരു പരിഹാരത്തിന് ഇരുവരും പ്രതിബദ്ധത പ്രകടിപ്പിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ദീര്‍ഘകാല എതിരാളികളായ രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിലേക്കുള്ള ചുവടുവയ്പ്പിന്റെ സൂചനയായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. അതോടൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഒരു മുന്നറിയിപ്പ് കൂടിയാണ് ഇരുരാജ്യങ്ങളും നല്‍കിയിരിക്കുന്നത്. ട്രംപിന്റെ താരിഫ് ആക്രമണം ന്യൂഡല്‍ഹിയുമായും ബെയ്ജിങ്ങുമായും ഉള്ള വാഷിങ്ടണിന്റെ ബന്ധത്തെ വഷളാക്കിയിരുന്നു. ഇന്ന് എസ്​സിഒ ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനുമായും മോഡി ചര്‍ച്ച നടത്തുന്നുണ്ട്.

Exit mobile version