എംപോക‍്സ് പരിശോധനാ കിറ്റ് തദ്ദേശീയമായി വികസിപ്പിച്ച് ഇന്ത്യ. ആര്‍ടി-പിസിആര്‍ പരിശോധനാ കിറ്റുകള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഡ്രഗ‍്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍മ്മാണ അനുമതി നല്‍കി. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ആന്ധ്രാപ്രദേശ് മെഡ്ടെക് സോണ്‍ വികസിപ്പിച്ച പരിശോധനാ കിറ്റ് സീമെന്‍സ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡാണ് നിര്‍മ്മിക്കുക.
സീമെന്‍സിന്റെ വഡോദരയിലെ മോളിക്യുലാര്‍ ഡയഗ‍്നോസ്റ്റിക‍്സ് മാനുഫാക‍്ചറിങ് യൂണിറ്റിലായിരിക്കും ഇവ നിര്‍മ്മിക്കുക. പ്രതിവര്‍ഷം പത്ത് ലക്ഷം കിറ്റുകള്‍ നിര്‍മ്മാക്കാനുള്ള ശേഷിയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എംപോക‍്സ് ചെറുക്കുന്നതിന് അനുയോജ്യമായ നൂതന പരിശോധനാ കിറ്റുകള്‍ രാജ്യത്തിന് കൊടുക്കുന്നതിലൂടെ, രോഗ നിര്‍ണയം വേഗം കണ്ടെത്തി ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് സീമെന്‍സ് ഹെല്‍ത്ത്കെയര്‍ മാനേജിങ് ഡയറക‍്ടര്‍ ഹരിഹരന്‍ സുബ്രഹ്മണ്യന്‍ പറഞ്ഞു.
40 മിനിറ്റുകൊണ്ട് പരിശോധനാ ഫലം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. സാധാരണ ഒന്ന് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ഇതിനെടുക്കുക. അതുകൊണ്ട് രോഗനിര്‍ണയം വേഗം നടത്താനാകുമെന്നും പറഞ്ഞു. പൂനെയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) അംഗീകാരം ഈ പരിശോധനയ്ക്ക് ലഭിച്ചിട്ടുണ്ട്.