Site iconSite icon Janayugom Online

അന്തര്‍ വാഹിനികളുടെ അന്തകന്‍ റോക്കറ്റ് വികസിപ്പിച്ച് ഇന്ത്യ

തദ്ദേശീയമായി വികസിപ്പിച്ച അന്തര്‍വാഹിനികളെ തകര്‍ക്കാനുപയോഗിക്കുന്ന റോക്കറ്റ് സംവിധാനം വിജയകരമായി പരീക്ഷിച്ചു. ജൂണ്‍ 23 മുതല്‍ ജൂലൈ എഴ് വരെ നടത്തിയ പരീക്ഷണ പരമ്പരയില്‍ റോക്കറ്റ് സംവിധാനം ലക്ഷ്യങ്ങളെല്ലാം പൂർത്തിയാക്കി. എക്‌സ്റ്റന്‍ഡഡ് റേഞ്ച് ആന്റി സബ്മറൈന്‍ റോക്കറ്റ്ആണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. നാവികസേന കപ്പലായ ഐഎന്‍എസ് കവരത്തിയില്‍നിന്നാണ് റോക്കറ്റ് പരീക്ഷണണങ്ങള്‍ നടന്നത്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ ആണ് റോക്കറ്റ് വികസിപ്പിച്ചത്. 

ഡിആര്‍ഡിഒയുടെ ഭാഗമായ ആര്‍മമെന്റ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് , ഹൈ എനര്‍ജി മെറ്റീരിയല്‍ റിസര്‍ച്ച് ലബോറട്ടറി, നേവല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിക്കല്‍ ലബോറട്ടറി എന്നിവ സംയുക്തമായാണ് റോക്കറ്റ് വികസിപ്പിച്ചത്. റോക്കറ്റ് പരീക്ഷണം വിജയകരമായതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. നാവികസേനയുടെ ആക്രമണശേഷി വര്‍ധിപ്പിക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ഈ റോക്കറ്റിന് ഇരട്ട റോക്കറ്റ് മോട്ടറുകളാണ് ഉള്ളത്.

കൃത്യത,പ്രകടനത്തിലെ സ്ഥിരത എന്നിവ പരീക്ഷണത്തില്‍ ഉറപ്പുവരുത്തിയിട്ടുണ്ട്. ആകെ 17 റോക്കറ്റുകള്‍ വിക്ഷേപിച്ചു പരീക്ഷണം നടത്തി. ഭാരത് ഡൈനാമിക് ലിമിറ്റഡ്, സൊളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പേസ് ലിമിറ്റഡ് എന്നീ പ്രതിരോധ കമ്പനികളാണ് റോക്കറ്റിന്റെ നിര്‍മാണ പങ്കാളികള്‍. അന്തര്‍വാഹിനികളെ ആക്രമിക്കാനായി കൂടുതലും ടോര്‍പ്പിഡോകളും മിസൈലുകളുമാണ്‌ ഉപയോഗിക്കാറുള്ളത്. എങ്കിലും പല രാജ്യങ്ങളും ഇപ്പോഴും ഇത്തരം റോക്കറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരം റോക്കറ്റുകള്‍ അന്തര്‍വാഹിനികള്‍ ഉള്ള സ്ഥലത്ത് ഡെപ്ത്ത് ചാര്‍ജറുകള്‍ നിക്ഷേപിക്കാനായാണ് ഉപയോഗിക്കുക. മുന്‍കൂട്ടി നിശ്ചയിച്ച ആഴത്തില്‍ സമുദ്രത്തിലെ ഒരു സ്ഥലത്ത് നിക്ഷേപിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ നിറച്ച ആയുധമാണ് ഡെപ്ത് ചാര്‍ജറുകള്‍. അന്തര്‍വാഹിനികളെ ആക്രമിക്കാനായാണ് ഇവ ഉപയോഗിക്കുക. ടോര്‍പ്പിഡോകളെയും മിസൈലുകളെയും അപേക്ഷിച്ച് ഇത്തരം റോക്കറ്റുകള്‍ക്ക് വലിയ ദൂരത്തേക്ക് ആക്രമണം നടത്താനാകില്ല. 

Exit mobile version