Site iconSite icon Janayugom Online

ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ ഇന്ത്യ താഴേക്ക്

passportpassport

ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം താഴ്ന്നു. 2024ലെ ഹെൻലി പാസ്പോര്‍ട്ട് സൂചിക അനുസരിച്ച് രാജ്യം ഒരു പോയിന്റ് താഴ്ന്ന് 85ല്‍ എത്തി. 199 രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഫ്രാൻസാണ് ഒന്നാമത്. 194 രാജ്യങ്ങളിലാണ് ഫ്രാൻസ് പൗരന്മാര്‍ക്ക് വിസരഹിത പ്രവേശനം അനുവദിച്ചിട്ടുള്ളത്. ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍, സിംഗപ്പൂര്‍, സ്പെയിന്‍ എന്നിവയാണ് ആദ്യ റാങ്കുകളിലെത്തിയ രാജ്യങ്ങള്‍.

60 രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് വിസ രഹിത പ്രവേശനം ഉണ്ടായിരുന്നത് 62 ആയി ഉയര്‍ന്നെങ്കിലും ഇന്ത്യ പട്ടികയില്‍ താഴേക്ക് പോകുകയായിരുന്നു.
പാകിസ്ഥാൻ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ 106-ാം സ്ഥാനത്ത് തുടരുകയാണ്. ബംഗ്ലാദേശിന്റെ സ്ഥാനം 101ല്‍ നിന്ന് 102 ലേക്ക് താഴ്ന്നു. 96 രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് പ്രവേശനമുള്ള മാലിദ്വീപ് 58-ാം സ്ഥാനത്താണ്. 

2023ല്‍ 69-ാം സ്ഥാനത്തുണ്ടായിരുന്ന ചൈന ഈ വര്‍ഷം 64ലേക്ക് ഉയര്‍ന്നു. കോവിഡ് മഹാമാരിക്കു ശേഷം ടൂറിസം മേഖലയെ വികസിപ്പിക്കുന്നതിനായി നിരവധി യൂറോപ്യൻ രാജ്യങ്ങള്‍ വിസ രഹിത പ്രവേശനം അനുവദിച്ചതോടെയാണ് ചൈന റാങ്കിങ്ങില്‍ മുന്നില്‍ എത്തിയത്. ഏഴാം സ്ഥാനത്തായിരുന്ന യുഎസ് ആറാം സ്ഥാനത്തേക്ക് എത്തി. ഇന്റര്‍നാഷണല്‍ എയര്‍ ട്രാൻസ്പോര്‍ട്ട് അതോറിട്ടി(ഐഎടിഎ)യില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 19 വര്‍ഷമായി ഹെൻലി പാസ്പോര്‍ട്ട് സൂചിക പ്രസിദ്ധീകരിക്കുന്നുണ്ട്. 

Eng­lish Sum­ma­ry: India down in rank­ing of pow­er­ful passports

You may also like this video

Exit mobile version