ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യക്ക് തിരിച്ചടി. റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം താഴോട്ടിറങ്ങി മൂന്നാം സ്ഥാനത്തേക്കെത്തി. ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4–0ന് തകര്‍ത്തുവിട്ട ഓസ്‌ട്രേലിയയാണ് നിലവില്‍ ഒന്നാം സ്ഥാനത്ത്. 119 പോയിന്റാണ് ഓസീസിനുള്ളത്. 117 പോയിന്റുമായി ന്യൂസിലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്ത്യക്ക് 116 പോയിന്റാണുള്ളത്.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയുടെ മാര്‍നസ് ലബുഷെയ്‌നാണ് തലപ്പത്തുള്ളത്. 935 റേറ്റിങ്ങാണുള്ളത്. 872 റേറ്റിങ്ങോടെ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട് രണ്ടാം സ്ഥാനത്ത് തുടരുമ്പോള്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസന്‍ മൂന്നാം സ്ഥാനത്തേക്കുമെത്തി.
ആഷസില്‍ മോശം ഫോമിലായിരുന്ന സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം പിന്നോട്ടിറങ്ങി നാലാം സ്ഥാനത്താണ്. ഒരു സ്ഥാനം നഷ്ടപ്പെട്ട് ആറാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്. അതേസമയം വിരാട് കോലി റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ദക്ഷിണാഫ്രിക്കക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റിലെ അര്‍ധ സെഞ്ചുറിയോടെ രണ്ട് സ്ഥാനങ്ങള്‍ കയറി കോലി ഏഴാം സ്ഥാനത്തെത്തി. ബൗളർമാരിൽ ജസ്പ്രീത് ബുംറ ആദ്യ പത്തിലേക്കു തിരിച്ചെത്തി. നിലവിൽ പത്താമതാണു ബുംറ. ഓസീസിന്റെ പാറ്റ് കമ്മിൻസാണ് ഒന്നാമൻ. അതേസമയം, 20 വിക്കറ്റുമായി ഇന്ത്യക്കെതിരായ പരമ്പരയില്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദ രണ്ട് സ്ഥാനങ്ങള്‍ കയറി മൂന്നാം സഥാനത്തെത്തി.
ENGLISH SUMMARY:India drop in rankings; Gain for Kohli
You may also like this video