Site iconSite icon Janayugom Online

പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം നീട്ടി ഇന്ത്യ

പാക് വിമാനങ്ങൾക്കുള്ള വ്യോമപാത നിരോധനം ഒരുമാസം കൂടി തുടരും. വ്യോമ ഗതാഗത മന്ത്രാലയമാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യൻ വിമാനങ്ങൾക്ക് പാക് വ്യോമ പാതയിലെ നിരോധനം പാകിസ്ഥാൻ ഒരു മാസം നീട്ടിയതിന് പിന്നാലെയാണ് കേന്ദ്ര വ്യോമ ഗതാഗത മന്ത്രാലയം തീരുമാനം പ്രഖ്യാപിച്ചത്. വ്യാഴാഴ്ചയാണ് പാകിസ്ഥാൻ തീരുമാനം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങളും പരസ്പരം വ്യോമ പാത തുടർച്ചയായി അടച്ചിടുന്ന എട്ടാമത്തെ മാസമാണ് ഇത്. വ്യാഴാഴ്ചയാണ് നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. ഡിസംബർ 24 പുലർച്ചെ 5.29 വരെ നിരോധനം തുടരുമെന്നാണ് പാകിസ്ഥാൻ വിശദമാക്കിയത്. നിലവിലെ വിലക്ക് നവംബർ 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നോട്ടീസ് ടു എയർമാൻ പാകിസ്ഥാൻ പുറത്തിറക്കിയത്. രണ്ട് ദിവസത്തിനുളളിൽ ഇത് സംബന്ധിയായ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് പാകിസ്ഥാൻ ഏവിയേഷൻ അതോറിറ്റി വിശദമാക്കിയത്.

പാകിസ്ഥാൻ വിഷയത്തിൽ തീരുമാനം എടുത്തുവെന്നും ഇതിനാൽ തന്നെ സമാന തീരുമാനം ഇന്ത്യ എടുക്കുന്നതുമായാണ് വ്യോമയാന മന്ത്രാലയം വിശദമാക്കിയത്. നേരത്തെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം രണ്ട് ദിവസം പാകിസ്ഥാൻ വ്യോമപാത അടച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയും ഇതേ ചുവട് സ്വീകരിച്ചിരുന്നു. വ്യോമ പാത ഇത്തരത്തിൽ അടച്ചിടുന്നത് വിമാനകമ്പനികൾക്കും രാജ്യത്തിനും ഏറെ നഷ്ടമുണ്ടാകുന്നുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്.

Exit mobile version