Site iconSite icon Janayugom Online

ആഗോള ലിംഗസമത്വ പട്ടികയില്‍ പിന്നോട്ടിറങ്ങി ഇന്ത്യ; 148 രാജ്യങ്ങളുടെ പട്ടികയില്‍ 131-ാമത്

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഈ വര്‍ഷത്തെ ആഗോള ലിംഗസമത്വ പട്ടികയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ പിന്നോട്ടിറങ്ങി ഇന്ത്യ. 148 രാജ്യങ്ങളുടെ പട്ടികയില്‍ രണ്ട് സ്ഥാനം താഴ്ന്ന് 131-ാമതാണ് ഇന്ത്യ. 64.1 ശതമാനം തുല്യതാ സ്‌കോറുമായി ദക്ഷിണേഷ്യയിലെ ഏറ്റവും താഴ്ന്ന റാങ്കുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2023ൽ 126, 2024ൽ 129 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയ ശാക്തീകരണം എന്നീ നാല് പ്രധാന മാനങ്ങളിലുള്ള ലിംഗസമത്വത്തെയാണ് ഈ സൂചിക അളക്കുന്നത്. തൊഴില്‍ സേന പങ്കാളിത്ത നിരക്കിലെ സ്‌കോറുകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ (45.9 ശതമാനം) തുടര്‍ന്നു. ഇന്ത്യ ഇതുവരെ നേടിയതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 

വിദ്യാഭ്യാസ നേട്ടത്തില്‍ ഇന്ത്യ 97.1 ശതമാനം സ്‌കോര്‍ നേടിയതായി റിപ്പോര്‍ട്ട് പറയുന്നു. ഇത് സാക്ഷരതയിലും ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിലും സ്ത്രീകളുടെ വിഹിതത്തിലെ പോസിറ്റീവ് മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് 24, ഭൂട്ടാൻ 119, നേപ്പാൾ 125, ശ്രീലങ്ക 130-ാം സ്ഥാനത്തുമാണ്‌. മാലിദ്വീപ്‌ 138-ാം സ്ഥാനത്താണ്. പട്ടികയില്‍ ഏറ്റവും പുറകിൽ പാകിസ്ഥാനാണ്. ആഗോള ലിംഗ സമത്വത്തില്‍ ഒന്നാമത് ഐസ്‌ലാൻഡാണ്‌. തുടർച്ചയായി 16-ാം തവണയാണ്‌ ഐസ്‌ലാൻഡ്‌ ഒന്നാം സ്ഥാനത്തെത്തുന്നത്‌. തൊട്ടുപിന്നിൽ ഫിൻലാൻഡ്, നോർവേ, യുണൈറ്റഡ് കിങ്ഡം, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ്. നിലവിലെ കണക്കുകൾ പ്രകാരം ലോകം പൂർണമായി ലിംഗസമത്വം കൈവരിക്കാൻ 123 വർഷം കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോർട്ട് പറയുന്നു. 

Exit mobile version