Site iconSite icon Janayugom Online

‘ഇന്ത്യയ്ക്കുള്ളത് ദുര്‍ബലനായ പ്രധാനമന്ത്രി’; എച്ച് 1‑ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ രൂക്ഷ വിമര്‍ശനം, 2017ലെ പോസ്റ്റ് ഷെയര്‍ ചെയ്ത് രാഹുല്‍ ഗാന്ധി

എച്ച് 1‑ബി വിസയ്ക്കുള്ള അപേക്ഷാഫീസ് കുത്തനെ കൂട്ടിയതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഇന്ത്യയ്ക്ക് ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണുള്ളതെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചുകൊണ്ടാണ് പ്രതികരിച്ചത്. 2017ല്‍ ഇതേ കാര്യം പറഞ്ഞുകൊണ്ട് പങ്കുവച്ച തന്റെ എക്‌സ് പോസ്റ്റ് വീണ്ടും ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ മോഡിക്കെതിരായ രൂക്ഷ പ്രതികരണം. ഇന്ത്യയ്ക്ക് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണുള്ളതെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു – അദ്ദേഹം കുറിച്ചു.

പ്രധാനമന്ത്രിയുടെ തന്ത്രപരമായ നിശബ്ദത രാജ്യത്തിന് ഒരു ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസിന്റെ ഗൗരവ് ഗൊഗോയ് പറഞ്ഞു. അമേരിക്കയില്‍ ഒരു ഐഎഫ്എസ് വനിതാ നയതന്ത്രജ്ഞ അപമാനിക്കപ്പെട്ട സമയത്ത് അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സ്വീകരിച്ച നിലപാടിനെ കുറിച്ച് താന്‍ ഇപ്പോള്‍ ഓര്‍ത്തുപോകുന്നുവെന്നും അദ്ദേഹം പറയുന്നു. എച്ച്-1ബി വിസ ഫീസ് വർധന രാജ്യത്ത് കൂടുതൽ തൊഴിലില്ലായ്മ സൃഷ്ടിക്കുമെന്ന് ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് സിപിഐ എം നേതാവ് ഹന്നാൻ മൊല്ല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ ‘ദുര്‍ബലനായ പ്രധാനമന്ത്രി’ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും പിന്തുണച്ചു. 2017 ൽ അദ്ദേഹം പറഞ്ഞത് വീണ്ടും ആവർത്തിച്ചു, പക്ഷേ ഒന്നും മാറിയിട്ടില്ല. ഇന്ത്യ ഇപ്പോഴും ദുർബലനായ ഒരു പ്രധാനമന്ത്രിയുടെ കൈയിലാണ്,” ഖേര എക്സില്‍ എഴുതി. 

Exit mobile version