ചരക്കു കപ്പലുകള്‍ക്കെതിരെയുള്ള ആക്രമണം അറബിക്കടലില്‍ തുടരുന്നതോടെ നിരീക്ഷണം ശക്തമാക്കി ഇന്ത്യ. കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അടക്കം മേഖലയിലേക്ക് വിന്യസിച്ചു. ഡ്രോണ്‍ ആക്രമണങ്ങളും കൊള്ളക്കാരുടെ ആക്രമണവും പതിവായതോടെയാണ് ഇന്ത്യയുടെ പുതിയ നീക്കം.
അറബിക്കടലിന്റെ വടക്ക്-മധ്യ ഭാഗം മുതല്‍ ഏദന്‍ ഉള്‍ക്കടല്‍ നീണ്ടു കിടക്കുന്ന മേഖലയില്‍ നിരീക്ഷണം നടത്തുന്ന യുദ്ധക്കപ്പലുകളുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്. ഐഎന്‍എസ് കൊല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി, ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് മോര്‍മുഗാവ് എന്നീ ഗൈഡഡ്-മിസൈല്‍ ഡിസ്ട്രോയറുകളും, ഐഎന്‍എസ് തല്‍വാര്‍, ഐഎന്‍എസ് തര്‍കാഷ് തുടങ്ങിയ മള്‍ട്ടി റോള്‍ ഫ്രിഗേറ്റുകളും പുതുതായി വിന്യസിച്ചവയില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം കോസ്റ്റ് ഗാർഡും നിരീക്ഷണം ശക്തമാക്കി.
കൂടാതെ നിരീക്ഷണത്തിനായി പി-8ഐ ലോങ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, എംക്യു-9ബി സി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ എന്നിവയും സുസജ്ജമാണ്. അടുത്തിടെ ലൈബീരിയന്‍ പതാക വഹിച്ചു കൊണ്ടുള്ള എംവി കെം പ്ലൂട്ടോ എന്ന കപ്പലിനു നേരെ കൊള്ളക്കാരുടെ ആക്രമണമുണ്ടാതോടെയാണ് ഇന്ത്യ കടല്‍ നിരീക്ഷണം ശക്തമാക്കിയത്.
കഴിഞ്ഞ ദിവസം അറബിക്കടലിൽ സൊമാലിയന്‍ തീരത്ത് കപ്പൽ കൊള്ളക്കാര്‍ തട്ടിയെടുത്ത ‘എംവി ലില നോർഫോക്’ ഐഎൻഎസ് ചെന്നൈയും അതിന്റെ കമാൻഡോകളും, പി-8ഐ വിമാനത്തിന്റെ പിന്തുണയോടെ രക്ഷപ്പെടുത്തിയിരുന്നു. 15 ഇന്ത്യക്കാർ ഉൾപ്പെടെ 21 ജീവനക്കാരെ മോചിപ്പിക്കുകയും ചെയ്തിരുന്നു.
English Summary: India has intensified surveillance in the Arabian Sea: India has deployed ten warships
You may also like this video