Site iconSite icon Janayugom Online

ഗ്രീനിച്ചിന് മുമ്പേ ഇന്ത്യക്ക് സ്വന്തമായി സമയക്രമം; വിചിത്ര വാദങ്ങളുമായി എന്‍സിഇആര്‍ടി പാഠപുസ്തകം

ഗ്രീനിച്ചിന് ഏറെ മുമ്പ് തന്നെ ഇന്ത്യക്ക് സ്വന്തമായി പ്രൈം മെറിഡിയനുണ്ടായിരുന്നുവെന്ന് എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകം. ഇതിനെ മധ്യരേഖയെന്ന് വിളിച്ചിരുന്നുവെന്നും മധ്യപ്രദേശിലെ ഉജ്ജയിനിയിലൂടെയാണ് ഇത് കടന്നുപോയിരുന്നതെന്നും ആറാം ക്ലാസിലേക്ക് പുതിയതായി തയ്യാറാക്കിയ സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ പറയുന്നു. വരാഹമിഹിര എന്ന പ്രമുഖ ജ്യാേതിഷന്‍ 1,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്നു. ഇന്ത്യയിലെ ജ്യാേതിഷികള്‍ക്ക് പ്രൈം മെറിഡിയന്‍ ഉള്‍പ്പെടെയുള്ള അക്ഷാംശ‑രേഖാംശങ്ങളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ഉജ്ജയിനി അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ജ്യോതിശാസ്ത്ര പുസ്തകങ്ങളില്‍ സമയം കണക്കാക്കിയിരിക്കുന്നതെന്നും പുസ്തകത്തില്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. കൂടാതെ പുരാതന നദീതട സംസ്കാരങ്ങളിൽ ഒന്നായ ‘ഹാരപ്പൻ’ സംസ്കാരത്തെ സിന്ധു-സരസ്വതി നാഗരികത’ എന്നാണ് പുസ്തകത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. സിന്ധു നദീതട സംസ്കാരത്തെ ഹിന്ദു ദൈവത്തോട് ഉപമിച്ചുകൊണ്ടാണ് പേര് നല്‍കിയിരിക്കുന്നത്. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടിന് അനുസൃതമായി പുറത്തിറക്കിയ ആദ്യ സാമൂഹ്യശാസ്ത്ര പാഠപുസ്തകമായ ‘എക്സ്പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആന്റ് ബീയോണ്ടി‘ലാണ് പരാമർശങ്ങളുള്ളത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രസർക്കാർ പുറത്തിറക്കിയ പുസ്തകത്തിൽ ‘സിന്ധു-സരസ്വതി’ നദീതട സംസ്കാരത്തിന്റെ വിശേഷണങ്ങൾ മുതൽ ‘സരസ്വതി’ നദിയെക്കുറിച്ചുള്ള ഒന്നിലധികം പരാമർശങ്ങൾ വരെ ഉൾപ്പെടുന്നു. നിലവിലെ അക്കാദമിക സെഷൻ മുതൽ ഉപയോഗിക്കാനാണ് പാഠപുസ്തകം പുറത്തിറക്കിയത്. നേരത്തെ ചരിത്രത്തിനും രാഷ്ട്രതന്ത്രത്തിനും ഭൂമിശാസ്ത്രത്തിനുമായി മൂന്ന് പാഠപുസ്തകങ്ങളുണ്ടായിരുന്നു. നിലവിലത് സാമൂഹ്യ ശാസ്ത്രത്തിന്റെ ഒറ്റ പുസ്തകമാക്കിയാണ് മാറ്റിയിരിക്കുന്നത്. ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനത്തെയും അസമത്വത്തെയും കുറിച്ചുള്ള പരാമർശങ്ങളും പാഠപുസ്തകത്തിൽനിന്ന് ഒഴിവാക്കി. പഴയ പുസ്തകത്തിൽ ദളിത് എന്ന വാക്കിന്റെ നിർവചനം ഉണ്ടായിരുന്നത് പുതിയതിൽ നീക്കം ചെയ്തു. ജാതി വിവേചനം സംബന്ധിച്ച ബി ആര്‍ അംബേദ്കറുടെ അനുഭവങ്ങളും പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആന്റ് അഡ്മിനിസ്‌ട്രേഷൻ ചാൻസലർ എം സി പന്ത് ചെയർമാനായുള്ള 19 അംഗ കമ്മിറ്റിയുടെ മേൽനോട്ടത്തിലാണ് പാഠപുസ്തകങ്ങൾ വികസിപ്പിച്ചെടുത്തത്. എഴുത്തുകാരി സുധാ മൂർത്തി, ബിബേക് ദെബ്രോയ്, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർപേഴ്‌സൺ ഡോ. ചാമു കൃഷ്ണശാസ്ത്രി, ആർഎസ്എസ്-അനുബന്ധ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം മഞ്ജുൾ ഭാർഗവ, ഗായകൻ ശങ്കർ മഹാദേവൻ എന്നിവർ ഉൾപ്പെടുന്നതാണ് സമിതി. 

Eng­lish sum­ma­ry ; India has its own time­line before Green­wich; NCERT Text­book with Strange Arguments

You may also like this video

Exit mobile version