ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെയും തോറ്റതോടെ ഇന്ത്യയുടെ സെമിഫൈനല്‍ പ്രതീകള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യ ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ന്യൂസിലന്‍ഡ് 33 ബോളുകളും എട്ടു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തി. ഇതോടെ 2003‑ന് ശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോഡ് കിവീസ് നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വി വഴങ്ങിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു ഏഴു വിക്കറ്റ് നഷ്ടത്തില്‍ വെറും 110 റണ്‍സാണ് നേടാനായത്. പുറത്താവാതെ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. 19 ബോളില്‍ രണ്ടു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ഹാര്‍ദിക് പാണ്ഡ്യയാണ് (23) 20ന് മുകളില്‍ നേടിയ മറ്റൊരു താരം. കെഎല്‍ രാഹുല്‍ (18), ഇഷാന്‍ കിഷന്‍ (4), രോഹിത് ശര്‍മ (14), ക്യാപ്റ്റന്‍ വിരാട് കോലി (9), റിഷഭ് പന്ത് (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ബാറ്റിങ്ങില്‍ താരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിയാത്തതാണ് ടീമിന് തിരിച്ചടിയായത്.
ഇനിയുള്ള മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാന്‍, സ്‌കോട്ലന്‍ഡ്, നമീബിയ എന്നിവരെ തോല്‍പ്പിച്ചാലും ഇന്ത്യ സെമിയിലെത്താന്‍ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്. ഈ മൂന്നു മത്സരങ്ങളും വൻ മാർജിനിൽ ജയിച്ചാൽ മാത്രം ഇന്ത്യ സെമിയിലെത്തില്ല. അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനോടു തോൽക്കുക, ന്യൂസിലൻഡിനെ സ്കോട്‍ലൻഡും നമീബിയയും തോൽപ്പിക്കുക, പാകിസ്ഥാൻ നമീബിയയോടു വിജയിക്കുക എന്നിവ കൂടി നടന്നാൽ മാത്രമേ ഇന്ത്യക്ക് കണക്കിലെങ്കിലും സാധ്യതയുള്ളൂ.
ഇത്തവണ കിരീടം നേടാൻ ഏറ്റവുമധികം സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ടീമാണ് ആദ്യ രണ്ടു മത്സരങ്ങളിലെ കനത്ത തോൽവിയോടെ പുറത്താകലിന്റെ വക്കിലെത്തി നിൽക്കുന്നത്. ഒരു ഗ്രൂപ്പിൽ നിന്നു രണ്ടു ടീമുകൾക്കാണു സെമിയിലേക്കു യോഗ്യത. മൂന്നു മത്സരങ്ങൾ വിജയിച്ച് ആറ് പോയിന്റു നേടിയ പാകിസ്ഥാൻ ഗ്രൂപ്പ് രണ്ടിൽ സെമിഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളിൽ നിന്നു രണ്ടു വിജയമുള്ള അഫ്ഗാനിസ്ഥാൻ (4 പോയിന്റ്), രണ്ടു മത്സരങ്ങളിൽ ഒരു ജയമുള്ള ന്യൂസിലൻഡ് (2) എന്നിവർ തമ്മിലാണ് ഗ്രൂപ്പ് രണ്ടിൽനിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമാകാനുള്ള മത്സരം.
ENGLISH SUMMARY:India in t20 worldcup match
You may also like this video
