Site iconSite icon Janayugom Online

ഇന്ത്യ മതേതര, സോഷ്യലിസ്റ്റ് രാജ്യം

മതേതരത്വവും സോഷ്യലിസവും ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഭാഗമാണെന്ന് സുപ്രീം കോടതി. 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, സെക്യുലര്‍ എന്നീ പദങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചത്.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, സഞ്ജീവ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. മതേതരത്വവും സോഷ്യലിസവും ഒഴിവാക്കി ഭരണഘടനയുടെ ആമുഖം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബൽറാം സിങ്, ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി, അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ എന്നിവരാണ് ഹർജികൾ സമർപ്പിച്ചത്.

1976ലെ 42-ാം ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വിഷയം പാര്‍ലമെന്റില്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വ്യക്തമാക്കി. ഈ വാക്കുകള്‍ക്ക് പല തരത്തിലുള്ള വ്യാഖ്യാനങ്ങളുണ്ടെന്നും അവ ഭരണഘടനയുടെ അടിസ്ഥാന ശിലയുടെ ഭാഗമാണെന്ന് നിരവധി വിധിന്യായങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്കുള്ള അവകാശവും, ഭരണഘടനയിലെ മൂന്നാം ഭാഗത്തിന് കീഴിലുള്ള മൗലിക അവകാശങ്ങളും പരിശോധിച്ചാൽ മതനിരപേക്ഷത എന്നത് ഭരണഘടനയുടെ പ്രധാന സവിശേഷതയായി കാണാനാകുമെന്ന് ജസ്‌റ്റിസ് ഖന്ന പറഞ്ഞു. 

ഹര്‍ജിക്കാരുടെ വാദങ്ങള്‍ കേള്‍ക്കുന്നതിനിടെ ഇന്ത്യ മതേതരമാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്നും കോടതി ചോദിച്ചു. പാശ്ചാത്യ മാതൃകയില്‍ നിന്ന് വ്യത്യസ്തമായി സോഷ്യലിസത്തിന്റെയും മതേതരത്വത്തിന്റെയും പുതിയ മാതൃകയാണ് നാം സ്വീകരിച്ചിട്ടുള്ളതെന്നും കോടതി വ്യക്തമാക്കി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. അതിനിടെ ‘ഹിന്ദുത്വ’ എന്ന വാക്കിന് പകരം ഭാരതീയ സംവിധാനത്വ (ഇന്ത്യൻ ഭരണഘടന) എന്ന പദം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജി അനുവദിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഹര്‍ജിക്കാരനായ എസ് എൻ കുന്ദ്രയോട് പറഞ്ഞു.

Exit mobile version