Site iconSite icon Janayugom Online

ചരിത്രം കുറിക്കാന്‍ ഇന്ത്യയിറങ്ങുന്നു

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകും. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവരുടെ മണ്ണിലിറങ്ങുമ്പോള്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിന് ഒരേയൊരു ലക്ഷ്യം മാത്രമേ മനസിലുള്ളു, പരമ്പര നേടുകയെന്നത്. ഒരിക്കല്‍ പോലും ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ പരമ്പര നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രം സൃഷ്ടക്കാനുറച്ചാകും കോലിയും സംഘവും ഇറങ്ങുക. വിരാട് കോലിയെന്ന നായകന് കീഴില്‍ ഇന്ത്യ സമീപകാലത്ത് വിദേശ മൈതാനങ്ങളില്‍ നടത്തിയ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ വേഗ മൈതാനത്ത് ഈ മികവ് കാട്ടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ ഏഴ് തവണ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയെങ്കിലും ഒരു തവണപോലും പരമ്പര നേടാനായിട്ടില്ല.

സമനില നേടിയത് തന്നെ വിരളം. 20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ 10 മത്സരം തോറ്റു. ജയിച്ചത് വെറും മൂന്ന് മത്സരങ്ങളില്‍ മാത്രം. ഇത്തവണ ഇന്ത്യക്ക് പരിക്കും വില്ലനാണ്. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍ എന്നിവരൊന്നും ടെസ്റ്റ് പരമ്പരക്കില്ല. ദക്ഷിണാഫ്രിക്കയിലെ പിച്ച്‌ മറ്റുവേദികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പേസിനെയും ബൗണ്‍സിനെയും അമിതമായി തുണക്കുന്ന പിച്ചില്‍ സന്ദര്‍ശക ബാറ്റര്‍മാര്‍ എന്നും പ്രയാസപ്പെടാറുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന വേദിയാണ് ദക്ഷിണാഫ്രിക്ക. വിരാട് കോലി അഞ്ച് ടെസ്റ്റില്‍ നിന്ന് നേടിയത് 558 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ചുറി പ്രകടനവും ഉള്‍പ്പെടും. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്കും മികച്ച റെക്കോഡുണ്ട്.

രഹാനെ രണ്ട് സെഞ്ചുറിയും പുജാര ഒരു സെഞ്ചുറിയുമാണ് നേടിയത്. എന്നാല്‍ ഇവരുടെ സമീപകാല ഫോം വളരെ ആശങ്കയുണ്ടാക്കുന്നതാണ്. അതേസമയം ദക്ഷിണാഫ്രിക്കയ്ക്കും പരിക്ക് തന്നെയാണ് വില്ലനാകുന്നത്. സ്റ്റാര്‍ ബൗളര്‍ ആന്‍റിച്ച് നോര്‍ജെ പരിക്കേറ്റ് പുറത്തായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ കൂടുതല്‍ ഉത്തരവാദിത്തം കാഗിസോ റബാഡയിലേക്ക് ചെന്നെത്തും. മുന്‍ താരങ്ങള്‍ കാത്ത് സൂക്ഷിച്ചിരിക്കുന്ന, ഇന്ത്യക്കെതിരെ സ്വന്തം മണ്ണില്‍ പരമ്പര വിട്ടുകൊടുക്കാത്ത മനസുമായി തന്നെയാകും ദക്ഷിണാഫ്രിക്കയുമിറങ്ങുക.

eng­lish summary;India is about to make history

you may also like this video;

Exit mobile version