Site iconSite icon Janayugom Online

ഇന്ത്യ പാകിസ്ഥാനിലേക്കും പാകിസ്ഥാന്‍ ഇന്ത്യയിലേക്കുമില്ല; 2027 വരെ നിഷ്പക്ഷ വേദികളില്‍

അനിശ്ചിതത്വത്തിനൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫിയിലടക്കം വേദികളുടെ കാര്യത്തില്‍ തീരുമാനമായി. 2027 വരെ ഇന്ത്യ‑പാകിസ്ഥാന്‍ മത്സരങ്ങള്‍ നിഷ്പക്ഷ വേദികളില്‍ നടക്കുമെന്ന് ഐസിസി ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ പാകിസ്ഥാന്റെ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്തുള്ള മറ്റൊരു വേദിയിലും പാകിസ്ഥാനില്‍ നടക്കുന്ന ഐസിസി ഇവന്റുകളില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാനു പുറത്തും നടക്കും.

കഴിഞ്ഞ വർഷം ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലടക്കം പാകിസ്ഥാൻ പങ്കെടുത്തിരുന്നു. 2025ല്‍ ഇന്ത്യയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പും 2026ല്‍ നടക്കുന്ന ടി20 ലോകകപ്പും ഇതോടെ ഹൈബ്രിഡ് മോഡലിലേക്ക് മാറും. 2025 ഫെബ്രുവരിയില്‍ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഷെ­ഡ്യൂള്‍ ഐസിസി വൈകാതെ പുറത്തുവിടും. അടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് മത്സരം ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനമായത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവാന്‍ സാധ്യത കൂടുതലാണ്. 

അടുത്ത വര്‍ഷം ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി തുടങ്ങുന്നത്. ഐസിസി റാങ്കിങ്ങില്‍ ആദ്യ എട്ട് സ്ഥാനത്തുള്ള ടീമുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ മാറ്റുരയ്ക്കുക. ഇന്ത്യയുടെയൊഴികെയുള്ള എല്ലാ മത്സരങ്ങളും പാകിസ്ഥാനില്‍ തന്നെ നടക്കും. കറാച്ചി, ലാഹോര്‍, റാവല്‍പിണ്ടി എന്നിവയാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനുള്ള വേദികള്‍. 2017ലാണ് ഏറ്റവുമൊടുവില്‍ ചാമ്പ്യൻസ് ട്രോഫി നടന്നത്. അന്ന് ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച്‌ പാകിസ്ഥാൻ ജേതാക്കളായിരുന്നു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ എട്ട് രാജ്യങ്ങളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റുമുട്ടുക.

Exit mobile version