Site iconSite icon Janayugom Online

ചൈനീസ് അതിർത്തിയിൽ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ; പൂർവി പ്രചണ്ഡ് പ്രഹാർ ഉടൻ

ചൈനീസ് അതിർത്തിയിൽ സൈനികാഭ്യാസത്തിനൊരുങ്ങി ഇന്ത്യ.  ഈസ്റ്റേൺ കമാൻഡിന്റെ നേതൃത്വത്തിൽ ‘പൂർവി പ്രചണ്ഡ് പ്രഹാർ’ എന്നു പേരിട്ട സൈനികാഭ്യാസം നവംബർ 11 മുതൽ 15 വരെയാണ് നടക്കുക. ഗുജറാത്തിലെ സർ ക്രീക്ക് ഉൾപ്പെടെയുള്ള പാക് അതിർത്തി മേഖലയിൽ ഇന്ത്യ നടത്തിയ സംയുക്ത സൈനികാഭ്യാസമായ ‘ത്രിശൂലി’ന് പിന്നാലെയാണ് ഇത്. യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് 30 കിലോമീറ്റർ മാത്രം അകലെയുള്ള മേചുകയിലാണ് സൈനികാഭ്യാസം നടക്കുക.

ഇന്ത്യൻ സൈന്യത്തിന്റെ പുതിയ ‘ഭൈരവ്’ ലൈറ്റ് കമാൻഡോ ബറ്റാലിയൻ, അശ്നി, ദിവ്യാസ്ത്ര ബറ്റാലിയനുകൾ എന്നിവ സൈനികാഭ്യാസത്തിന്റെ ഭാഗമാകും. മേഖലയിലെ സംയുക്ത നീക്കങ്ങൾക്ക് കര, നാവിക, വ്യോമ സേനകളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ വക്താവ് ലെഫ്. കേണൽ മഹേന്ദ്ര റാവത്ത് പറഞ്ഞു. 2023ൽ നടത്തിയ ‘ഭാല പ്രഹർ’, 2024ൽ നടത്തിയ ‘പൂർവി പ്രഹർ’ എന്നീ സൈനികാഭ്യാസങ്ങളുടെ തുടർച്ചയാണിത്.

ഒക്ടോബർ 30നാണ് ഇന്ത്യ–പാക് അതിർത്തി മേഖലയായ ഗുജറാത്തിലെ സർ ക്രീക്കിൽ ‘ത്രിശൂൽ’ സൈനികാഭ്യാസം ആരംഭിച്ചത്. നവംബർ 10 വരെയാണ് ഇത്. സർ ക്രീക്ക് സംബന്ധിച്ച അതിർത്തി തർക്കം പുകയുന്നതിനിടെയാണ് ഇന്ത്യയുടെ നിർണായക നീക്കം. ഇന്ത്യയുടെ സൈനികാഭ്യാസത്തെ തുടർന്ന് പാക്കിസ്ഥാൻ വ്യോമാതിർത്തിയിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്.

Exit mobile version