Site iconSite icon Janayugom Online

ഇന്ത്യ റെ‍ഡി; ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ തകര്‍ത്തു

ഓസ്ട്രേലിയന്‍ പ്രൈം മിനിസ്റ്റേഴ്സ് ഇലവനുമായി നടന്ന പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് വിജയം. 50 ഓവറാക്കി പുതുക്കി നിശ്ചയിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സില്‍ പുറത്തായി. മറുപടി ബാറ്റിങ്ങില്‍ 45 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. 

ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും കെ എൽ രാഹുലും മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 75 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. 59 പന്തുകൾ നേരിട്ട ജയ്സ്വാൾ 45 റൺന് നേടി. 27 റൺസെടുത്ത രാഹുൽ ബാറ്റിങ് അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. പിന്നാലെയെത്തിയ രോഹിത് ശർമയ്ക്കു തിളങ്ങാൻ സാധിച്ചില്ല. മൂന്നു റൺസ് മാത്രമെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ, ആൻഡേഴ്സന്റെ പന്തിൽ പുറത്തായി. അർധ സെഞ്ചുറിക്കു പിന്നാലെ ഗില്ലും ബാറ്റിങ് അവസാനിപ്പിച്ചു മടങ്ങി. സമീപ കാലത്ത് ടെസ്റ്റില്‍ ഫോം ഔട്ടായി ഉഴറുകയാണ് നായകന്‍. സന്നാഹ മത്സരത്തിലും താരത്തിനു തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് രോഹിതിന്റെ ഫോം ഔട്ടാണ് വലിയ തലവേദനയാകുന്നത്. രവീന്ദ്ര ജഡേജ (27), വാഷിങ്ടണ്‍ സുന്ദര്‍ (പുറത്താകാതെ 42) എന്നിവരെല്ലാം ബാറ്റിങ്ങില്‍ തിളങ്ങി. വിരാട് കോലിയും റിഷഭ് പന്തും ധ്രുവ് ജുറെലും അഭിമന്യു ഈശ്വരനും ബാറ്റിങ്ങിനിറങ്ങിയില്ല. നേരത്തെ നാലു വിക്കറ്റെടുത്ത് ബൗളിങ്ങില്‍ തിളങ്ങിയ ഹര്‍ഷിത് റാണയുടെ മികവിലാണ് ഇന്ത്യ പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 43.2 ഓവറില്‍ 240ന് ഓള്‍ ഔട്ടാക്കിയത്. 

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ പ്രൈം മിനിസ്റ്റേഴ്സ് ഇലവന് സെഞ്ചുറി നേടിയ ഓപ്പണര്‍ സാം കോണ്‍സ്റ്റാസും(97 പന്തില്‍ 107) ജാക് ക്ലേയ്ടണും(40) ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിനുള്ള അടിത്തറയിട്ടത്. ഹന്നോ ജേക്കബ്സ് (60 പന്തിൽ 61), ജേക് ക്ലെയ്റ്റൻ (52 പന്തിൽ 40) എന്നിവരും ഇന്ത്യയ്ക്കെതിരെ തിളങ്ങി. ഹര്‍ഷിത് റാണ നാലും ആകാശ്ദീപ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടൻ സുന്ദർ, രവീന്ദ്ര ജഡേജ എന്നിവർക്കും ഓരോ വിക്കറ്റു വീതമുണ്ട്.

Exit mobile version