Site iconSite icon Janayugom Online

ശിശുമരണനിരക്കില്‍ ഇന്ത്യ മുന്നില്‍; പോഷകാഹാരക്കുറവിലും, ഇന്ത്യൻ ജനതയുടെ ആരോഗ്യം ക്ഷയിക്കുന്നു

malnutritionmalnutrition

ഇന്ത്യയില്‍ പോഷകാഹാരക്കുറവ് അതിരൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷൻ പുറത്തിറക്കിയ ഗോൾകീപ്പേഴ്‌സ് 2024 റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ശിശുമരണനിരക്കിലും കുട്ടികളുടെ ആരോഗ്യത്തിലും ഇന്ത്യ പിന്നിലാണ്. ആരോഗ്യത്തിന്റെ പ്രധാന സൂചകങ്ങളിലെല്ലാം ഇന്ത്യ പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കുട്ടികളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള 2030‑ലെ സമയപരിധി ഇതോടെ ഇന്ത്യയ്ക്ക് നഷ്ടപ്പപെട്ടേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വളർച്ച മുരടിപ്പ്, അഞ്ച് വയസ്സിന് താഴെയുള്ളവരുടെയും നവജാത ശിശുക്കളുടെ മരണനിരക്കുമെല്ലാം ഇന്ത്യൻ ജനതയുടെ ആരോഗ്യം താഴേയ്ക്ക് വളരുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷൻ, യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട്, വേൾഡ് ബാങ്ക് എന്നിവയുടെ കണക്ക് അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വ്യാപകമായ ആരോഗ്യ പ്രതിസന്ധിയാണ് പോഷകാഹാരക്കുറവ്. ലോകത്തിലെ ശിശുമരണങ്ങളില്‍ പകുതിയും പോഷകാഹാരക്കുറവുമൂലമാണെന്ന് റിപ്പോർട്ട് പറയുന്നു. കാലാവസ്ഥ വ്യതിയാനം ഇതിന്റെ ആക്കം കൂട്ടുകയും ചെയ്യുന്നു. 

പോഷകാഹാരത്തിനും നൂതനമായ പരിഹാരങ്ങൾക്കുമുള്ള വർധിച്ച ധനസഹായം, മെച്ചപ്പെട്ട ഗർഭകാല പരിരക്ഷ, കൃഷിയിൽ നിക്ഷേപം എന്നിവ ശിശുമരണനിരക്ക്, ശിശുമരണനിരക്ക്, മാതൃമരണനിരക്ക് എന്നിവ കുറയ്ക്കാൻ ലോകത്തെ സഹായിക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

Exit mobile version