Site icon Janayugom Online

ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ ജലക്ഷാമം: യുഎന്‍

ഇന്ത്യയെ കാത്തിരിക്കുന്നത് രൂക്ഷമായ ജലക്ഷാമമെന്ന് റിപ്പോര്‍ട്ട്. 2016ല്‍ ആഗോളതലത്തില്‍ നഗര മേഖലകളില്‍ 93.3 കോടി പേരാണ് ജലക്ഷാമം അനുഭവിച്ചിരുന്നതെങ്കില്‍ 2050 ഓടെ ഇത് 170 കോടി മുതല്‍ 190 കോടി വരെയായി ഉയരുമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യയെ ആയിരിക്കും ഇത് കൂടുതല്‍ പ്രതികൂലമായി ബാധിക്കുകയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ വര്‍ഷത്തെ യുഎന്‍ ജല സമ്മേളനത്തിന് മുന്നോടിയായി പുറത്തുവിട്ട ‘യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് വാട്ടര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ട് 2023’ ലേതാണ് വിവരങ്ങള്‍. നിലവില്‍ ഏഷ്യയിലെ 80 ശതമാനം ആളുകളും ജലക്ഷാമം നേരിടുന്നു.

പ്രത്യേകിച്ച് വടക്കുകിഴക്കന്‍ ചൈന, ഇന്ത്യ, പാകിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍. ആഗോള ജലപ്രതിസന്ധി ഗുരുതരമാകുന്നത് തടയാൻ ശക്തമായ അന്താരാഷ്‌ട്ര സംവിധാനങ്ങൾ അടിയന്തരമായി സ്ഥാപിക്കേണ്ടതുണ്ടെന്ന് യുനെസ്‌കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ പറഞ്ഞു. ജലം നമ്മുടെ പൊതു ഭാവിയാണ്, അത് തുല്യമായി പങ്കിടുന്നതിനും സുസ്ഥിരമായി കൈകാര്യം ചെയ്യുന്നതിനും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ആഗോളതലത്തിൽ, 200 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളം ഇല്ലെന്നും 360 കോടി ആളുകൾക്ക് ശുചീകരണത്തിനുള്ള സംവിധാനമില്ല” എന്നും അദ്ദേഹം പറഞ്ഞു.

ജലക്ഷാമം പൊതുവായ പ്രശ്നമായതിനാല്‍ പങ്കാളിത്തവും സഹകരണവും പ്രധാനമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോളതാപനം മൂലം സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ പ്രധാന ഹിമാലയൻ നദികളുടെ ഒഴുക്ക് കുറയുമെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വരും ദശകങ്ങളില്‍ ഹിമാനികളുടെയും ഹിമപാളികളുടെയും നശീകരണ തോത് വര്‍ധിക്കും. അന്റാർട്ടിക്കയില്‍ ഓരോ വർഷവും ശരാശരി 15,000 കോടി ഹിമാനികള്‍ നശിക്കുന്നു. അതേസമയം ഗ്രീൻലാൻഡ് ഐസ് ക്യാപ്പ് കൂടുതൽ വേഗത്തിൽ ഉരുകുന്നതിലൂടെ പ്രതിവർഷം 27,000 കോടി ടൺ ഹിമാനികള്‍ നഷ്ടപ്പെടുന്നു. സമുദ്രനിരപ്പ് ഉയരുന്നതും ഉപ്പുവെള്ളത്തിന്റെ കടന്നുകയറ്റവും ബ്രഹ്മപുത്ര ഉള്‍പ്പെടെയുള്ള ഡെല്‍റ്റകളുടെ പ്രധാന ഭാഗങ്ങളെ നശിപ്പിക്കുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Eng­lish Sum­ma­ry: India like­ly to be severe­ly affect­ed by water scarci­ty, says UN report
You may also like this video

Exit mobile version