താരതമ്യേന മെച്ചപ്പെട്ട സ്കോര്‍ നേടിയിട്ടും സെമി കടക്കാന്‍ ഇന്ത്യയ്ക്കായില്ല. ഇന്ത്യ മുന്നോട്ട് വച്ച് 169 റണ്‍സ് എന്ന വിജയലക്ഷ്യം ഇംഗ്ലണ്ട് വിക്കറ്റൊന്നും നഷ്ടമാകാതെ മറികടന്നു. അതും നാല് ഓവര്‍ ബാക്കി നില്‍ക്കെ. അവരുടെ ഓപ്പണര്‍മാര്‍ രണ്ട് പേരും അര്‍ദ്ധ സെഞ്ചുറി നേടി. സ്കോര്‍ ഇന്ത്യ- 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168, ഇംഗ്ലണ്ട് 16 ഓവറില്‍ 170.
ടോസ് നഷ്ടമായ ഇന്ത്യയെ ഇംഗ്ലണ്ട് ആദ്യം ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. രണ്ടാം ഓവറില്‍ തന്നെ അഞ്ച് റണ്‍സെടുത്ത ഓപ്പണര്‍ കെഎല്‍ രാഹുലിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റൻ രോഹിത് ശര്‍മ്മയും (27), വിരാട് കോഹ്ലിയും (50) ശ്രദ്ധാപൂര്‍വ്വം റണ്‍സുയര്‍ത്തി. രോഹിത് പുറത്തായ ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി ഒരു സിക്സും ഒരു ഫോറും നേടിയെങ്കിലും 14 റണ്‍സെടുത്ത് ആദില്‍ റാഷിദിന്റെ പന്തില്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കി മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ഹര്‍ദിക് പാണ്ഡ്യയുമായി ചേര്‍ന്ന് കോഹ്ലി സ്കോര്‍ ഉയര്‍ത്തി. 18-ാം ഓവറില്‍ കോഹ്ലി പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 136 ആയിരുന്നു. 40 പന്തില്‍ നാല് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്.
കോഹ്ലി പുറത്തായപ്പോഴേക്കും ഹര്‍ദിക് ഫോമിലേക്കുയര്‍ന്നത് ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസമായി. അവസാന അഞ്ച് ഓവറുകളില്‍ മൂന്ന് ഓവറുകള്‍ കോഹ്ലിയുമായി ചേര്‍ന്നും രണ്ട് ഓവര്‍ ഒറ്റക്കും ആഞ്ഞടിക്കുകയായിരുന്നു. സാം കറനെ ഹര്‍ദിക് അക്ഷരാര്‍ത്ഥത്തില്‍ പഞ്ഞിക്കിടുകയായിരുന്നു. കറന്‍ വിട്ടുനല്‍കിയ 42 റണ്‍സില്‍ 26 റണ്‍സും ഹാര്‍ദിക് പാണ്ഡ്യ നേടിയത് വെറും പത്ത് പന്തിലായിരുന്നു. അതേസമയം ഇരുപതാം ഓവറിലും അതിനെ മുമ്പത്തെ ഓവറുകളുടെ തുടര്‍ച്ച പ്രതീക്ഷിച്ചെങ്കിലും ഓവര്‍ ഫേസ് ചെയ്യാനെത്തിയ റിഷഭ് പന്തിന് രണ്ട് പന്തുകള്‍ കണക്ട് ചെയ്യാനായില്ല. മൂന്നാം പന്തില്‍ റണ്ണൗട്ടാകുകയും ചെയ്തു. നാല് പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു റിഷഭ് പന്തിന്റെ സംഭാവന. പിന്നീട് വന്ന രണ്ട് പന്തും ഹര്‍ദിക് ഫോറടിച്ചെങ്കിലും അവസാന പന്തില്‍ ഹിറ്റ് വിക്കറ്റായി. 33 പന്തില്‍ അഞ്ച് സിക്സും നാല് ഫോറും ഉള്‍പ്പെടെ 63 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് ജോര്‍ദാന്‍ മൂന്ന് വിക്കറ്റും ക്രിസ് വോക്സ്, ആദില്‍ റഷീദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിംഗില്‍ അതിവേഗമായിരുന്നു ഇംഗ്ലണ്ടിന്റെ സ്കോറിംഗ്. അഞ്ചാം ഓവറില്‍ തന്നെ അവര്‍ അമ്പത് റണ്‍സ് തികച്ചു. 11ാം ഓവറിലെ ആദ്യ പന്തില്‍ അലക്സ് ഹെയ്ല്‍സിന്റെ സിക്സോടെ നൂറിലും. അവസാന അഞ്ച് ഓവറില്‍ 13 റണ്‍സ് മാത്രമായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ഓപ്പണര്‍മാരില്‍ അലക്സ് ഹെയ്ല്‍സ് ആക്രമിച്ച് കളിച്ചപ്പോള്‍ ക്യാപ്റ്റന്‍ ജോസ് ബട്ലര്‍ മികച്ച പിന്തുണ നല്‍കി.
ഹെയ്ല്‍സ് ആയിരുന്നു കൂടുതല്‍ അപകടകാരി. ലോകകപ്പിലുടനീളം വിജയിച്ച ഇന്ത്യന്‍ പേസര്‍മാരെ അദ്ദേഹം നിലംതൊടാന്‍ അനുവദിച്ചില്ല. 47 പന്തില്‍ 86 റണ്‍സെടുത്ത ഹെയ്ല്‍സ് ഏഴ് സിക്സും നാല് ഫോറുമാണ് അടിച്ചുകൂട്ടിയത്. ജോസ് ബട്ലര്‍ 49 പന്തില്‍ എണ്‍പത് റണ്‍സെടുത്തു. 16-ാം ഓവറിലെ അവസാന പന്ത് സിക്സര്‍ പറത്തിയാണ് ബട്ലര്‍ വിജയ റണ്‍ കുറിച്ചത്. ബട്ലര്‍ മൂന്ന് സിക്സും 9 ഫോറും അടിച്ചു.
ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ പരിതാപകരമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ അവസ്ഥ. അര്‍ഷദീപ് സിംഗും അക്സര്‍ പട്ടേലും മാത്രമാണ് അല്‍പ്പമെങ്കിലും അടി വാങ്ങാതിരുന്നത്. ബാക്കിയെല്ലാവരുടെയും എക്കണോമി പത്തിന് മുകളിലായിരുന്നു. അലക്സ് ഹെയ്ല്‍സ് ആണ് കളിയിലെ കേമൻ. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.
English Summery: india loses in t20 world cup semi final england enters final
You may also like this video